bus

തിരുവനന്തപുരം: അന്തർസംസ്ഥാനങ്ങളിലേക്കുള്ള സ്വകാര്യ ബസുകളിലെ നിയമ ലംഘനങ്ങൾക്കെതിരെ മോട്ടോർവാഹനവകുപ്പ് ശനിയാഴ്‌ച രാത്രി നടത്തിയ പരിശോധനയിൽ 168 കേസെടുത്തു. പാഴ്സൽ കടത്തുൾപ്പെടെയുള്ള ക്രമക്കേടുകൾക്ക് 5.5 ലക്ഷം രൂപ പിഴ ഈടാക്കി. കല്ലട ട്രാവൽസിന്റെ 20 ബസുകൾ പിടികൂടി. ലൈസൻസില്ലാതെ പ്രവർത്തിച്ച 43 ബുക്കിംഗ് ഓഫീസുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സ്റ്റേജ് ക്യാരേജായി ഓടിയ 120 ബസുകളും കണ്ടെത്തി. അതേസമയം പരിശോധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തേക്കുള്ള അന്തർസംസ്ഥാന ബസുകൾ ഇന്ന് നിറുത്തിവയ്‌ക്കുമെന്ന് ലക്‌ഷ്വറി ബസ് ഓപ്പറേറ്റേഴ്സിന്റെ സംഘടന അറിയിച്ചു.
അതിനിടെ അംഗീകൃത ടിക്കറ്റ് ബുക്കിംഗ് കേന്ദ്രങ്ങളുടെ (എൽ.എ.പി.ടി) പ്രവർത്തന മാനദണ്ഡങ്ങൾ പുതുക്കിയുള്ള ഗതാഗത സെക്രട്ടറിയുടെ ഉത്തരവിനെതിരെയും ആക്ഷേപമുണ്ട്. ടിക്കറ്റ് ബുക്കിംഗ് കേന്ദ്രങ്ങൾക്ക് അനുമതി നൽകുന്നതോടെ അന്തർസംസ്ഥാന സ്വകാര്യബസുകളുടെ നിയമവിരുദ്ധ ഓട്ടം അംഗീകരിക്കാനുള്ള ശ്രമമാണെന്നാണ് ആക്ഷേപം. കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ 500 മീറ്റർ അകലെ ബുക്കിംഗ് കൗണ്ടറും വിശ്രമ കേന്ദ്രവും അനുവദിക്കുന്നത് സ്വകാര്യ ബസുകാർ മുതലെടുക്കും. ഇതിന്റെ മറവിൽ സമാന്തരസർവീസുകൾ ശക്തമാകുമെന്നാണ് ആരോപണം.
അംഗീകൃത ബുക്കിംഗ് ഏജന്റുമാർക്ക് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ബസ് ബുക്ക് ചെയ്ത് യാത്രക്കാരെ കൊണ്ടുപോകാനാണ് അനുമതിയുള്ളത്. പുതിയതായി തുടങ്ങുന്ന ടിക്കറ്റ് സെന്ററുകളെ മറയാക്കി യാത്രക്കാർക്ക് പ്രത്യേകം ടിക്കറ്റ് നൽകി പാക്കേജ് ടൂർ എന്ന പേരിൽ അന്തർസംസ്ഥാന ബസുകളിൽ അയ‌യ്‌ക്കാൻ കഴിയും. ഇത് സ്വകാര്യബസുകാർക്ക് പഴയപടി അന്തർസംസ്ഥാന പാതകളിൽ സ്റ്റേജ് ക്യാരേജായി ഓടാൻ അവസരമൊരുക്കും. അതേസമയം കല്ലട ഉൾപ്പെടെയുള്ള സ്വകാര്യ ടൂർ ഓപ്പറേറ്റർമാർക്ക് അനുകൂലമായി സർക്കാർ കാര്യങ്ങൾ എത്തിച്ചുവെന്നാണ് കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളി സംഘടനകളുടെ ആരോപണം.