മാഞ്ചസ്റ്റർ സിറ്റി 1-ബേൺലി 0
ലെസ്റ്റർസിറ്റി 3-ആഴ്സനൽ 0
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ വീണ്ടും ആകാംക്ഷയുണർത്തി മാഞ്ചസ്റ്റർസിറ്റി ഒന്നാമതെത്തി. ഇന്നലെ ബേൺലിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച സിറ്റി ലിവർപൂളിനെക്കാൾ ഒരു പോയിന്റ് മുന്നിലാണിപ്പോൾ.
53-ാം മിനിട്ടിൽ സെർജി അഗ്യൂറോ നേടിയ ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ജയം. അഗ്യൂറോയുടെ ഇൗ സീസണിലെ 20-ാം പ്രിമിയർ ലീഗ് ഗോളായിരുന്നു ഇത്.
ഇൗ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 36 മത്സരങ്ങളിൽനിന്ന് 92 പോയിന്റായി. ലിവർപൂളിന്. 36 മത്സരങ്ങളിൽനിന്ന് 91 പോയിന്റാണുള്ളത്. ഇരുവർക്കും ഇനി രണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി ഇനി മേയ് 7ന് ലെസ്റ്റർ സിറ്റിയെയും 12ന് ബ്രൈട്ടനെയും നേരിടും. ലിവർപൂൾ മേയ് 5ന് ന്യൂകാസിലിനെയും 12ന് വോൾവറിനെയും നേരിടും.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ലെസ്റ്റർസിറ്റി 3-0 ത്തിന് ആഴ്സനലിനെ കീഴടക്കി. ടീയലിമാൻസ്, ഒരു ഗോളും ജൊമി വാർഡി രണ്ട് ഗോളുകളും നേടി.