കാസർകോട്: ശ്രീലങ്കയിൽ നടന്ന സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസർകോട് നിന്ന് ഐസിസിൽ ചേരാൻ പോയവരെ ചുറ്റിപ്പറ്റി എൻ.ഐ.എ അന്വേഷണം. 2015 ലും 2016 ജൂലായിലും ഐസിസിൽ ചേരാൻ നാടുവിട്ട പടന്ന, തൃക്കരിപ്പൂർ ഭാഗങ്ങളിലെ 21 പേരിൽ പലർക്കും ശ്രീലങ്കയിൽ സ്‌ഫോടനം ആസൂത്രണം ചെയ്ത നാഷണൽ തൗഹീദ് ജമാഅത്തുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചനകൾ.
അഫ്ഗാനിസ്ഥാനിലേക്ക് നാടുവിട്ട സമയത്ത് തന്നെ ഇവരിൽ പ്രധാനികൾ ശ്രീലങ്കയുമായി ബന്ധപ്പെട്ടതിന് തെളിവുണ്ടായി. നാട്ടിലെ ബന്ധുക്കൾക്ക് ടെലിഗ്രാഫ് വഴി അയച്ച സന്ദേശത്തിലും ഇവർ പറഞ്ഞത് ശ്രീലങ്കയിൽ മതപഠനം നടത്താൻ പോയി എന്നാണ്. പിന്നീട് സിറിയയിൽ എത്തിയപ്പോൾ തൃക്കരിപ്പൂർ, പടന്ന സ്വദേശികൾ പറഞ്ഞത് തങ്ങൾ ശ്രീലങ്ക വഴിയാണ് എത്തിയത് എന്നായിരുന്നു.
ശ്രീലങ്കയിലെ നാഷണൽ തൗഹീദ് ജമാത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായ ഐസിസ് ബന്ധമുള്ളവർ കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട് ജില്ലകളിൽ രഹസ്യമായി പ്രവർത്തിക്കുന്നു എന്നാണ് എൻ.ഐ.എ ക്ക് വിവരം ലഭിച്ചിട്ടുള്ളത്. ശ്രീലങ്കൻ സ്ഫോടനം ആസൂത്രണം ചെയ്ത നാഷണൽ തൗഹീദ് ജമാഅത്ത് നേതാവ് സഹ്രാൻ ഹാഷിമിന്റെ കേരള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ എൻഐഎ തുടരുന്നത്. കേരളത്തിലുള്ളവർക്ക് സ്ഫോടനവുമായി ബന്ധമില്ലെന്ന സൂചനയാണുള്ളത്.
വിദ്യാനഗർ സ്വദേശികളായ രണ്ടുപേരുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ എൻ.ഐ.എ സംഘം മൊബൈൽ ഫോണുകൾ, ലഘുലേഖകൾ, സി ഡി, കാസറ്റുകൾ തീവ്രവാദ പ്രഭാഷണങ്ങളുടെ കോപ്പികൾ അടക്കം പിടിച്ചെടുത്തിരുന്നു. ഞായറാഴ്ച രാവിലെയാണ് കൊച്ചിയിലെ എൻ.ഐ.എ സംഘം വിദ്യാനഗർ സ്വദേശികളായ അബൂബക്കർ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിൽ റെയ്ഡ് നടത്തിയത്. വിശദമായി ചോദ്യം ചെയ്യലിന് ഇന്ന് കൊച്ചിയിൽ ഹാജരാകാൻ ഇരുവർക്കും നോട്ടീസ് നൽകുകയും ചെയ്തു.
ഐസിസ് ബന്ധവുമായി ബന്ധപ്പെട്ട പഴയ കേസിന്റെ അന്വേഷണവും കാസർകോട് റെയ്ഡിന് പിന്നിലുണ്ട്. ഇന്റർപോൾ തേടുന്ന കാസർകോട് സ്വദേശികളിൽ ചിലർ അടുത്ത കാലത്ത് ശ്രീലങ്കയിൽ എത്തിയിരുന്നതായി അറിവ് കിട്ടിയിട്ടുണ്ടെന്നും പറയുന്നു.
ശ്രീലങ്കയിൽ സ്‌ഫോടനം നടത്തിയ ചാവേർ സഹ്രാൻ ഹാഷിമുമായി ബന്ധപ്പെട്ടതിന്റെ വിവരങ്ങൾ ലഭിക്കാനാണ് കാസർകോട് സ്വദേശികളെ എൻ.ഐ.എ ചോദ്യംചെയ്യുന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് അബൂബക്കറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്തുവരികയാണ്. നോട്ടീസ് നൽകിയത് പ്രകാരം അബൂബക്കർ സിദ്ദിഖും അഹമ്മദ് അറാഫത്തും എൻ.ഐ.എ ഓഫീസിൽ ഹാജരാകുമെന്നാണ് വിവരം.