isis

കൊച്ചി: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ചാവേർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിൽ ദേശീയ അന്വേഷണ ഏജൻസിയുടെയും ( എൻ.ഐ.എ) കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടേയും അന്വേഷണം പുരോഗമിക്കുന്നു. ലങ്കൻ ഭീകരൻ സ്ഹറാൻ ഹാഷിം (41) സംസ്ഥാനത്ത് താമസിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം. സ്‌ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട് കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അറുപതോളം മലയാളികൾ എൻ.ഐ.എയുടെ നിരീക്ഷണത്തിലാണെന്ന് സൂചന. അതേസമയം, ഇന്നലെ എൻ.ഐ.എ കസ്റ്റഡിയിലെടുത്ത പാലക്കാട് കെല്ലങ്കോട് സ്വദേശി അബൂബക്കർ റിയാസിന് സ്‌ഫോടനവുമായി ബന്ധമില്ല. തൊപ്പിയും അത്തറും വിൽക്കുന്ന ഇയാൾ സഹ്റാന്റെ മത പ്രഭാഷണ വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ നിരവധി തവണ ഷെയർ ചെയ്തിട്ടുണ്ട്. കേരളത്തിൽ നിന്നും ഐസിസിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്ത കേസിൽ അബൂബക്കറിന് നേരിട്ട് ബന്ധമുള്ളതായാണ് എൻ.ഐ.എയുടെ പ്രാഥമിക കണ്ടെത്തൽ. ഇയാളുടെ ഫോണിൽ നിന്നും നിർണ്ണായക വിവരങ്ങൾ എൻ.ഐ.എയ്ക്ക് ലഭിച്ചതായാണ് സൂചന. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ഇയാളെ ഐ.എസ് റിക്രൂട്ട്മെന്റ് കേസിൽ പ്രതി ചേർത്തേക്കും.

ഐസിസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട കാസർകോട് സ്വദേശികളായ രണ്ട് പേരോട് ഇന്ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ എൻ.ഐ.എ ആവശ്യപ്പെട്ടിട്ടുണ്ട്. കാസർകോട് വിദ്യാനഗർ സ്വദേശികളായ അബൂബക്കർ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരോടാണ് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുള്ളത്. ഇവരുടെ വീടുകളിൽ ഇന്നലെ എൻ.ഐ.എ റെയ്ഡ് നടത്തിയിരുന്നു. ഇരുവരും സഹ്‌റാൻ ഹാഷിമിന്റെ ആശയങ്ങളിൽ ആകൃഷ്ടരായിരുന്നു.സഹ്‌റാൻ ഹാഷിം കേരളത്തിൽ വന്നപ്പോൾ ഇവർ നേരിട്ട് ബന്ധം പുലർത്തിയിരുന്നോ എന്നതടക്കുമള്ള കാര്യങ്ങളായിരിക്കാം എൻ.ഐ.എ ചോദിച്ചറിയുക. റെ​യ്‌​ഡിൽ ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ളും​ ​രേ​ഖ​ക​ളും​ ​പി​ടി​ച്ചെ​ടുത്തിട്ടുണ്ട്. ഇവ പരിശോധിച്ച് വരികയാണ്.

മലപ്പുറത്തും സിമി ക്യാമ്പിലൂടെയും മറ്റും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് കുപ്രസിദ്ധമായ പാനായിക്കുളത്ത് ഒരു വർഷം മുമ്പാണ് സഹ്‌റാൻ ഹാഷിം എത്തിയത്. ഇയാൾ തമിഴ്‌നാട്ടിലും കേരളത്തിലും സ്ഥിരമായി വന്നുപോയിരുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും വേരുകളുള്ള നാഷണൽ തൗഹിദ് ജമാഅത്തിന് പശ്ചിമേഷ്യൻ ഭീകരസംഘടനയായ ഐസിസുമായി അടുത്ത ബന്ധമുണ്ട്. അടുത്തിടെ ഐസിസുമായി നേരിട്ട് ഇടപെഴകാതെ സഹ്‌റാൻ നാഷണൽ തൗഹിദ് ജമാഅത്തിന്റെ പ്രവർത്തനങ്ങളിലായിരുന്നു. ഇതിന്റെ പരിണിതഫലമായിരുന്നു ശ്രീലങ്കയിലെ സ്ഫോടനങ്ങൾ. കേരളത്തിലും തമിഴ്‌നാട്ടിലും നിന്ന് സഹ്‌റാൻ യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതായാണ് വിവരം. അവരുടെ വിവരങ്ങളും എൻ.ഐ.എ തേടുന്നുണ്ട്. ഐസിസിലേക്ക് കേരളത്തിൽ നിന്ന് 21 പേർ ചേക്കേറിയതായി രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഐസിസിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുമ്പോൾ കേരളത്തിലും തമിഴ്‌നാട്ടിലും നാഷണൽ തൗഹിദ് ജമാഅത്ത് വേരുറപ്പിച്ചെന്നാണ് കണ്ടെത്തൽ.