കോട്ടയം: ശ്രീലങ്കയിലെ സ്ഫോടനത്തെ തുടർന്ന് ഭീകര സംഘടനയിൽപ്പെട്ടവർ കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്ന സൂചനയെ തുടർന്ന് കോട്ടയത്തും തെരച്ചിൽ ശക്തമാക്കി. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്. കൂടാതെ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാന്റുകൾ, ലോഡ്ജുകൾ കേന്ദ്രീകരിച്ചും തെരച്ചിൽ തുടരുകയാണ്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഇതുസംബന്ധിച്ച അറിയിപ്പ് നല്കിയിരുന്നു. തുടർന്നാണ് സംസ്ഥാന പൊലീസ് മേധാവി തെരച്ചിൽ നടത്താൻ ഉത്തരവിട്ടത്. അന്തർസംസ്ഥാന വാഹനയാത്രക്കാരെയും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും വരുന്ന ചരക്കു വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. സംശയകരമായ സാഹചര്യങ്ങളിൽ കണ്ടെത്തുന്നവരെക്കുറിച്ച് വിവരം നല്കണമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അറിയിച്ചു.