secretariate

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി കാരണം ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക വരെ വൈകിപ്പിക്കുമ്പോൾ, സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെയും ചീഫ്സെക്രട്ടറിയുടെയും ഓഫീസ് നവീകരണങ്ങൾക്കായി ലക്ഷങ്ങൾ പൊടിച്ച് സർക്കാർ. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ബഹളം അവസാനിച്ചതിന് തൊട്ടുപിന്നാലെ നവീകരണപ്രവർത്തികൾക്കായി നാല് ഉത്തരവുകളിലൂടെ 86,50,000 രൂപയുടെ ഭരണാനുമതി പൊതുഭരണ വകുപ്പ് നൽകി.

ചീഫ്സെക്രട്ടറിയുടെ ഓഫീസ് നവീകരണത്തിനായി 60,95,000 രൂപയുടെ ഭരണാനുമതി നൽകിക്കൊണ്ട് പൊതുഭരണ പ്രിൻസിപ്പൽസെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് ഉത്തരവിറക്കിയത്. സിവിൽ ജോലികൾക്കായി 47,85,000രൂപയുടെയും ഇലക്ട്രിക്കൽ ജോലികൾക്കായി 13,10,000 രൂപയുടെയും ഭരണാനുമതിയാണ് നൽകിയത്.

ചീഫ്സെക്രട്ടറിയുടെ കമ്മിറ്റി റൂമിനടുത്തായുള്ള സന്ദർശക കേന്ദ്രത്തിൽ അടിയന്തര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് നവീകരണ പ്രവർത്തികൾക്കായി 6,83,000 രൂപയുടെ ഭരണാനുമതിയാണ് നൽകിയിരിക്കുന്നത്. ഇലക്ട്രോണിക്സ് നവീകരണപ്രവർത്തികളുടെ മതിപ്പ് ചെലവ് 3,56,000രൂപയും ഇലക്ട്രിക്കൽ നവീകരണപ്രവർത്തികളുടെ മതിപ്പ് ചെലവ് 3,27,000 രൂപയുമാണ് കണക്കാക്കിയിരിക്കുന്നത്.

ചീഫ്സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് കമ്മിറ്റി റൂമിലേക്കുള്ള ഇടനാഴിയിൽ വാൾ പാനലിംഗിനായി 6,24,000 രൂപ അനുവദിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന്റെ തലേദിവസമായ ഏപ്രിൽ 22നാണ് മൂന്ന് ഉത്തരവുകളും ഇറക്കിയിരിക്കുന്നത്. അടിയന്തരസ്വഭാവമുള്ള ജോലികൾക്ക് നൽകി വരുന്ന ടെൻഡർ ഇളവ് നൽകിക്കൊണ്ടാണ് മൂന്ന് ഉത്തരവുകളും.

ഇതിന് പുറമേ സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെ ഇടനാഴിയിൽ വാൾ പാനലിംഗ്, ഫാൾസ് സീലിംഗ്, ഫ്ലോർ പോളിഷിംഗ്, എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിക്കൽ, മറ്റ് ഇലക്ട്രിക്കൽ ജോലികൾ എന്നിവയ്ക്കായി 12,48,000 രൂപയും അനുവദിച്ചു. ഇതിന്റെ ഉത്തരവ് വോട്ടെടുപ്പിന് ശേഷം ഏപ്രിൽ 26നാണ് പൊതുഭരണവകുപ്പ് ഇറക്കിയത്. സിവിൽ ജോലികൾക്കായി 8,48,000രൂപയും ഇലക്ട്രിക്കൽ ജോലികൾക്കായി നാല് ലക്ഷം രൂപയും അനുവദിച്ചാണ് ഉത്തരവ്. ഇതിനും പൊതുമരാമത്ത് മാന്വൽ പ്രകാരമുള്ള ടെൻഡർ വ്യവസ്ഥകളിൽ ഇളവ് നൽകിയിട്ടുണ്ട്.