കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ കള്ളവോട്ട് നടന്നിട്ടുണ്ടെന്നുള്ളതിന് വ്യക്തമായ തെളിവുണ്ടെന്ന കളക്ടർമാരുടെ റിപ്പോർട്ടിന്മേൽ തിരഞ്ഞെടുപ്പ് കമ്മിഷൻ എന്ത് നടപടിയാണ് സ്വീകരിക്കുക എന്നറിയാൻ സംസ്ഥാനം ഒന്നാകെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയും മാന്യതയും ധാർമ്മികതയുമൊക്കെ നശിപ്പിക്കുന്ന ഏർപ്പാടാണ് കള്ളവോട്ട്. രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചകാലംതൊട്ടേ രാഷ്ട്രീയ കക്ഷികൾ പയറ്റിക്കൊണ്ടിരിക്കുന്ന വക്രമാർഗമാണിത്. വോട്ടെടുപ്പ് കുറ്റമറ്റതാക്കാൻ കാലാകാലമായി കൈക്കൊണ്ട ഒട്ടേറെ നടപടികളുടെ ഫലമായി വോട്ടെടുപ്പിൽ കൃത്രിമങ്ങളും തിരിമറികളും നല്ലതോതിൽ ഇന്ന് കുറഞ്ഞിട്ടുണ്ട്. വോട്ടിംഗ് ശതമാനം കൂട്ടാനായി രാഷ്ട്രീയ കക്ഷികൾ ചിലപ്പോൾ വളഞ്ഞവഴികൾ പരിധിവിട്ടും പുറത്തെടുക്കാറുണ്ട്. ലക്ഷ്യപ്രാപ്തിക്ക് കള്ളവോട്ടിനെ ആശ്രയിക്കുന്നിടംവരെ എത്തിയാൽ തിരഞ്ഞെടുപ്പിന്റെ മാത്രമല്ല അതിനുമുതിരുന്ന രാഷ്ട്രീയകക്ഷികളുടെ വിശ്വാസ്യതയും മാന്യതയുമാണ് തകരുന്നത്. വോട്ടെടുപ്പ് പരമാവധി വിശ്വാസയോഗ്യമാക്കാനും ആക്ഷേപ രഹിതമാക്കാനും തിരഞ്ഞെടുപ്പ് കമ്മിഷൻ കൈക്കൊണ്ട നടപടികൾക്ക് കൈയും കണക്കുമില്ല. എന്നിട്ടും അവയൊക്കെ മറികടന്ന് കണ്ണൂരിലും കാസർകോട്ടും കള്ളവോട്ട് നടന്നുവെങ്കിൽ സംവിധാനത്തിൽ ഇനിയും നിലനിൽക്കുന്ന പഴുതുകളിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്.
കള്ളവോട്ട് സംബന്ധിച്ച് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ കണ്ണൂർ, കാസർകോട് കളക്ടർമാരോട് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. കള്ളവോട്ട് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ലഭ്യമായതിനാൽ ആരോപണം അത്രപെട്ടെന്ന് നിഷേധിക്കാനാവില്ല. കള്ളവോട്ട് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. അതിനുള്ള ശിക്ഷ എന്താണെന്ന് നിയമത്തിൽ പറഞ്ഞിട്ടുണ്ട്. റിപ്പോർട്ട് നൽകുന്ന മുറയ്ക്ക് പൊലീസാണ് അനന്തര നടപടി എടുക്കേണ്ടത്. കള്ളവോട്ട് ചെയ്ത വ്യക്തിമാത്രമല്ല, അതിനുകൂട്ടുനിന്ന ഉദ്യോഗസ്ഥരും കുറ്റക്കാരുടെ പട്ടികയിൽ വരും. നിയമം അനുശാസിക്കുന്ന ശിക്ഷ ഇവർക്കെല്ലാം ലഭിക്കുമ്പോൾ മാത്രമേ കുറ്റത്തിന്റെ ഗൗരവവും ഭവിഷ്യത്തും എല്ലാവർക്കും ബോദ്ധ്യമാവുകയുള്ളു. മുൻകാലങ്ങളിലും കള്ളവോട്ട് ആരോപണങ്ങൾ വ്യാപകമായി ഉണ്ടാകുമായിരുന്നു. എന്നാൽ ഇതിന്റെ പേരിൽ ആരും ശിക്ഷിക്കപ്പെട്ടതായി കേട്ടിട്ടില്ല. തെളിവുകളുടെ അഭാവവും വ്യവഹാര നടപടികളിലുള്ള താത്പര്യക്കുറവും കാരണം കള്ളവോട്ട് പ്രശ്നം തിരഞ്ഞെടുപ്പ് പ്രകിയ പൂർത്തിയാവുന്നതോടെ ഏവരും മറക്കുകയാണ് പതിവ്. ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബൂത്തുകളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ക്യാമറാ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിരുന്നു. കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങൾ തെളിവായി ലഭിച്ചത് അതുകൊണ്ടാണ്. കള്ളവോട്ട് ചെയ്യിച്ചവരുടെ അനവധാനതുകൊണ്ട് സംഭവിച്ച അബദ്ധം കൂടിയാകാമിത്. ഒരേവേഷം ധരിച്ച് ഭിന്ന ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തിയതിലെ പിഴവിനെക്കുറിച്ച് ഒാർത്തുകാണില്ല. കാമറയിൽ പെടാത്ത വേറെയും കള്ളവോട്ട് നടന്നിട്ടുണ്ടാകാം. ഭീഷണിപ്പെടുത്തിയും പോളിംഗ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയും മറ്റും നടക്കുന്ന ഇൗ അധാർമ്മിക പ്രവൃത്തികൾ തിരഞ്ഞെടുപ്പ് പ്രക്രിയയെത്തന്നെ അവഹേളിക്കുകയാണ്. അതികർക്കശമായ പെരുമാറ്റച്ചട്ടങ്ങൾ പ്രഖ്യാപിച്ച് രാജ്യത്തെ ഭരണനടപടികൾപോലും സ്തംഭിപ്പിച്ചുനിറുത്തുന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശ്വാസ്യതകൂടിയാണ് കള്ളവോട്ടിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. തെറ്റില്ലാത്ത വോട്ടർ പട്ടികയും വോട്ടറെ തിരിച്ചറിയാൻ വ്യക്തമായ രേഖകളും അതികർക്കശമായ വോട്ടെടുപ്പ് നടപടിക്രമങ്ങളുമൊക്കെ ഏർപ്പെടുത്തിയിട്ടും വേണമെന്ന് വിചാരിക്കുന്നവർക്ക് കള്ളവോട്ടിന് അവസരം ഉണ്ടെന്ന് വരുന്നത് സ്വതന്ത്ര്യതിരഞ്ഞെടുപ്പ് എന്ന സങ്കല്പത്തെത്തന്നെ പരിഹസിക്കലാണ്. അതിനെക്കാൾ പരിഹാസ്യമാണ് കള്ളവോട്ടല്ല, അതു പരസ്യവോട്ടാണെന്ന് വാദിക്കുന്നവരുടെ തൊടുന്യായങ്ങൾ.
തിരഞ്ഞെടുപ്പിന്റെ വിശുദ്ധി ഉറപ്പാക്കാൻ കള്ളവോട്ടുപോലുള്ള ക്രമക്കേടുകൾ പാടേ തടഞ്ഞുതന്നെ തീരണം. പിടികൂടിയാലും വലിയ ശിക്ഷയൊന്നുമില്ലെന്ന ധാരണയുള്ളതിനാലാണ് ഇൗ നെറികെട്ട ഉദ്യമത്തിന് രാഷ്ട്രീയ കക്ഷികൾ ഇപ്പോഴും തുനിയുന്നത്. കള്ളവോട്ടും അതുപോലുള്ള കൃത്രിമങ്ങളും പാടേ ഇല്ലതാക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട നിയമം കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. കണ്ണൂരും കാസർകോട്ടും നടന്ന കള്ളവോട്ടുകളുമായി ബന്ധപ്പെട്ട കേസുകൾ വീഴ്ച കൂടാതെ കോടതികളിലെത്തണം. പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കുകയും വേണം. ഇൗ കേസുകളിൽ മാതൃകാപരമായ ശിക്ഷ ഉറപ്പക്കാനായാൽ ഭാവിയിലെ തിരഞ്ഞെടുപ്പുകളിൽ കള്ളവോട്ട് തടയാൻ അത് സഹായകമാകും. വിവര സാങ്കേതിക വിദ്യ ചക്രവാളത്തോളം വികസിച്ചുകഴിഞ്ഞ ഇക്കാലത്ത് ഒരാൾ ഒന്നിലധികം ബൂത്തിൽ വോട്ട് ചെയ്യാനെത്തിയാൽ കണ്ടുപിടിക്കാനും പിടികൂടാനും എളുപ്പമാണ്. അതിനായുള്ള സംവിധാനമുണ്ടാക്കിയാൽ മതി. ജനപ്രാതിനിദ്ധ്യ നിയമത്തിലും കൂടുതൽ തിരുത്തലുകൾ വേണ്ടിവരുമെന്ന് തെളിയിക്കുന്നതാണ് വോട്ടെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ. വോട്ടെടുപ്പ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ നിരന്തരം ചോദ്യം ചെയ്യുന്ന രാഷ്ട്രീയ കക്ഷികൾക്ക് തിരഞ്ഞെടുപ്പിൽ ഏത് വക്രമാർഗവും സ്വീകരിക്കാൻ ഒരു മടിയുമില്ലെന്ന് വരുന്നത് പരിഹാസ്യമാണ്.