atl29ab

ആറ്റിങ്ങൽ: ആറ്റിങ്ങൽ ദേശീയപാതയിൽ മാമംപാലത്തിൽ വാഹനം ഇടിച്ച് തകർന്ന കൈവരി നന്നാക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം.​ പാലത്തിന്റെ കിഴക്കുഭാഗത്തെ കൈവരിയാണ് മാസങ്ങളായി തകർന്നു കിടക്കുന്നത്.പലപ്പോഴും നഗരത്തിലെത്തുമ്പോൾ കുരുക്കിൽ അകപ്പെടുമെന്ന് അറിയാവുന്ന വാഹനങ്ങൾ വേഗതയിലാണ് തിരുവനന്തപുരം ഭാഗത്തുനിന്നും വരുന്നത്. വളവ് കഴിഞ്ഞ് പാലത്തിലേയ്ക്കു കയറുമ്പോൾ പലപ്പോഴും സ്റ്റിയറിംഗ് സ്റ്റെഡിയാകാതെ നടപ്പാതയ്ക്കു മുകളിലൂടെ കൈവരി തകർത്ത് നിൽക്കുന്നത് പതിവാണ്. അതുപോലെ ആറ്റിങ്ങലിലെ ട്രാഫിക് കുരുക്കിൽ മണിക്കൂറുകളോളം കിടന്ന് വരുന്ന വാഹനങ്ങളും ഈ ഭാഗത്ത് വേഗത കൂട്ടുക പതിവാണ്. അതും വളവ് കഴിഞ്ഞ് പാലത്തിൽ കയറുമ്പോൾ ഇതുപോലെ സംഭവിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ ഡ്രൈവർക്ക് അല്പം ശ്രദ്ധകുറവ് ഉണ്ടായാൽ പാലത്തിൽ അപകടം നിശ്ചയം. പാലത്തിന്റെ ഇരുവശത്തേയും വളവ് നിവർത്തി പ്രശ്നം പരിഹരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

കോൺക്രീറ്റ് തൂണുകളിൽ ബീമുകൾ ഘടിപ്പിച്ചാണ് പാലത്തിന്റെ സംരക്ഷണ കൈവരി നിർമ്മിച്ചിരിക്കുന്നത്. തൂണുകളിൽ അഞ്ചെണ്ണമാണ് ഇപ്പോൾ തകർന്നിട്ടുള്ളത്. മാത്രമല്ല കൈവരി പാലത്തിൽ നിന്ന് പുറത്തേയ്ക്ക് അടർന്നുമാറിയ നിലയിലാണ്. ബീമുകളും തകർന്നിട്ടുണ്ട്. സംഭവം നടന്ന് ആറുമാസം കഴിഞ്ഞിട്ടും സംരക്ഷണ കൈവരി നന്നാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. കൈവരി തകർന്ന ഭാഗത്ത് തടിക്കഷണങ്ങളും കൊടിതോരണങ്ങളും പൈപ്പുകളും കെട്ടിയാണ് ഇപ്പോൾ സംരക്ഷണം ഉറപ്പാക്കിയിരിക്കുന്നത്. അപകടസാധ്യത കൂടിയമേഖലയായതിനാൽ അടിയന്തരമായി കൈവരി ബലപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.