poovar

പൂവാർ: അന്താരാഷ്ട്ര കപ്പൽ പാതയിൽ, ഏഷ്യയുടെ കവാടമായി പൂവാറിനെ മാറ്റാൻ കഴിയുമായിരുന്ന കപ്പൽ നിർമാണശാല ഇപ്പോഴും കടലാസിൽ ഒതുങ്ങുന്നതായി പരാതി. 2007ൽ തുടക്കമിട്ടെങ്കിലും പലവിധ കാരണങ്ങളാൽ നീണ്ടുപോയ കപ്പൽ നിർമ്മാണശാല പദ്ധതി ഇനിയെങ്കിലും യാഥാർത്ഥ്യമാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ഇതിനായി കേന്ദ്ര ഫിഷിംഗ്‌ മന്ത്രാലയവും, കൊച്ചിൻ ഷിപ്പ് യാർഡും നടത്തിയ പഠനങ്ങൾ പൂവാർ തീരത്തിന്റെ അനന്തസാദ്ധ്യതകളെ കണ്ടെത്തുന്നവയായിരുന്നു. എന്നിട്ടും പദ്ധതി നടപ്പായില്ല. നിർദ്ദിഷ്ട തുറമുഖനിർമ്മാണം പൂർത്തിയാവുന്നതോടെ വിഴിഞ്ഞം തീരത്തെത്തുന്ന കൂറ്റൻ മദർ വെസലുകൾ ഉൾപ്പെടെ വൻകിട കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കായി സൗകര്യമൊരുക്കേണ്ടത് അനിവാര്യമാണ്. കൊച്ചിൻ ഷിപ്പ് യാർഡിന്റെ റിപ്പോർട്ട് പ്രകാരം കേരള തീരത്ത് അനുയോജ്യമായ സ്ഥലങ്ങൾ മുൻഗണനാക്രമത്തിൽ വിഴിഞ്ഞം, പൂവാർ, അഴീക്കൽ എന്നിങ്ങനെയാണ്. പൂവാറിൽ അന്താരാഷ്ട്ര കപ്പൽ നിർമ്മാണശാല ആരംഭിക്കുന്നതിന് ചെലവേറുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും അതിന്റെ കാരണം വ്യക്തമാക്കാൻ തയ്യാറാകാത്തത് ദുരൂഹതകൾ വർദ്ധിപ്പിക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം കരയിലും കടലിലും നടത്തിയ പഠനങ്ങളിൽ സ്വാഭാവിക ആഴത്തിന്റെ കാര്യത്തിൽ പൂവാറിന് മുൻഗണന നൽകുന്നു. പുതിയ കപ്പലുകളുടെ നിർമ്മാണത്തിലും അറ്റകുറ്റപണിയിലും വിദേശ രാജ്യങ്ങളുടെ മേധാവിത്വം അവസാനിപ്പിക്കാൻ ഈ കപ്പൽശാല പര്യാപ്തമാകുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. കപ്പൽ നിർമ്മാണ, അറ്റകുറ്റപ്പണിക്ക് ആവശ്യമായ ജലം നെയ്യാറിൽ നിന്ന് ലഭിക്കുമെന്നതും ബൊളളാഡ് പുൾ ടെസ്റ്റിംഗ് സ്റ്റേഷൻ സമീപത്തുള്ളതും പൂവാറിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. വർഷം തോറും ഒരു ലക്ഷത്തിൽപ്പരം വെസലുകളും കപ്പലുകളും കടന്നു പോകുന്ന അന്താരാഷ്ട്ര കപ്പൽ പാതയിലാണ് പൂവാർ തീരം. അനുകൂലമായ ഇത്തരം ഘടകങ്ങളുണ്ടായിട്ടും എന്തുകൊണ്ട് പൂവാറിനെ അവഗണിക്കുന്നു എന്നതാണ് നാട്ടുകാരുടെ സംശയം. കപ്പൽ നിർമ്മാണശാല പൂവാറിൽ പ്രവർത്തിപ്പിക്കാനായാൽ നികുതി ഇനത്തിലും മറ്റുമായി കോടികളുടെ വരുമാനം രാജ്യത്തിന് ലഭിക്കും. കൂടാതെ നിരവധി തൊഴിലവസരങ്ങളും ഉണ്ടാകും. ഏതൻസിനും സിംഗപ്പൂരിനുമിടയ്ക്ക് അന്താരാഷ്ട്ര കപ്പൽ പാതയിൽ വേറെ കപ്പൽ നിർമ്മാണശാല ഇല്ലാത്തതും പൂവാറിന് അനുകൂലമാണ്. അതിനാൽ കപ്പൽ നിർമ്മാണ പദ്ധതി പുനരാരംഭിക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് പ്രദേശത്തെ വിവിധ സംഘടനകൾ ആവശ്യപ്പെടുന്നത്.