ആറ്റിങ്ങൽ: ഒരു പ്രദേശത്തിന്റെ വളരെക്കാലമായുള്ള സ്വപ്നം സാക്ഷാത്കരിക്കുന്നതിന് തുടക്കമായി. മാമം തോടിനു കുറുകേ വെട്ടിക്കലിൽ ഗതാഗതയോഗ്യമായ പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചതോടെയാണ് നാട്ടുകാരുടെ യാത്രാ ക്ലേശം പരിഹരിക്കുമെന്ന് ഉറപ്പായത്. മഴക്കാലമാകും മുൻപേ തൂണുകൾ വാർക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.രാജഭരണകാലത്ത് നിർമ്മിച്ച ഒരു നടപ്പാലമാണ് ഇവിടെ ഉണ്ടായിരുന്നത്. കൊയ്‌തെടുക്കുന്ന കറ്റ ചുമുന്നുകൊണ്ടുപോകുന്നതിനുവേണ്ടിയായിരുന്നു ഈ പാലം നിർമ്മിച്ചിരുന്നത്. വർഷങ്ങൾക്കുമുൻപ് നാട്ടുകാർ മുൻകൈയെടുത്ത് പാലത്തിന്റെ ഇരുവശത്തും റോഡുണ്ടാക്കി. എന്നാൽ ഒരാൾക്ക് കഷ്ടിച്ച് കടന്നു പോകാനുള്ള വീതിയേ പാലത്തിന് ഉണ്ടായിരുന്നുള്ളൂ.
പുതിയ പാലത്തിനായി അധികൃതർ കണക്കെടുപ്പും പഠനവും നടത്തിയെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും നടപടികളുണ്ടായില്ല. പാലംവേണമെന്ന ആവശ്യമുന്നയിച്ച് നാട്ടുകാർ ഡെപ്യൂട്ടി സ്പീക്കർ വി.ശശിക്ക് നല്കിയ നിവേദനത്തെത്തുടർന്നാണ് നടപടികൾ ഊർജ്ജിതമായത്.
പഴയ നടപ്പാലം പൊളിച്ചുനീക്കി അതേസ്ഥലത്താണ് പുതിയ പാലം നിർമ്മിക്കുന്നത്. പാലവും റോഡും നിർമ്മിക്കുന്നതിന് 5.05 കോടിക്കാണ് നിർമ്മാണക്കരാർ നല്കിയിട്ടുളളത്. നിർമ്മാണപ്രവർത്തനങ്ങൾ ഒരു മാസം മുൻപ് തുടങ്ങി. വശങ്ങൾ ഇടിച്ചുതാഴ്ത്തി പാലത്തിന്റെ തൂണുകൾ നിർമ്മിക്കുന്നതിനും വശങ്ങൾ ബലപ്പെടുത്തുന്നതിനുള്ള കോൺക്രീറ്റ് ഭിത്തി നിർമ്മിക്കുന്നതിനുളള നടപടികളുമാണ് ആരംഭിച്ചിട്ടുളളത്.
ദേശീയപാതയിൽ 18ാം മൈലിൽ നിന്ന് തുടങ്ങി കണ്ടുകൃഷി ഏലായിലൂടെ ചെമ്പകമംഗലംവാളക്കാട് റോഡിൽ എത്തുന്നതാണ് പുതിയ റോഡ്. ദേശീയപാതയിൽ കോരാണിക്കുസമീപത്തുനിന്ന് സംസ്ഥാനപാതയിൽ വെഞ്ഞാറമൂട്ടിലെത്താനുളള എളുപ്പമാർഗ്ഗമായി ഈ റോഡ് മാറും. പാലം യാഥാർത്ഥ്യമായാൽ ആറ്റിങ്ങലിൽ നിന്ന് മങ്കാട്ടുമൂല, ഊരൂപൊയ്ക എന്നിവിടങ്ങളിലേക്ക് പോകാൻ ആറുകിലോമീറ്ററിലധികം ലാഭിക്കാം. തോന്നയ്ക്കൽ സായിഗ്രാമത്തിലെത്താനും ഈ റോഡ് എളുപ്പവഴിയാകും.