വിഴിഞ്ഞം: ആശിച്ചു വാങ്ങിയ കട്ടമരവുമായി എത്തിയ മത്സ്യത്തൊഴിലാളിയെ സംശയത്തെ തുടർന്ന് കോസ്റ്റൽ പൊലീസ് പിടികൂടി. വി.എസ്.എസ്.സിയുടെ സുരക്ഷാ വിഭാഗത്തിന്റെ നിരീക്ഷണ കാമറയിൽ കണ്ട അജ്ഞാത വസ്‌തുവിനെക്കുറിച്ചുള്ള അന്വേഷണമാണ് പൂവാർ പാറവിള തോപ്പ് പുരയിടത്തിൽ ക്ലിമൻസിനെ (72) പിടികൂടാൻ കാരണമായത്. മറ്റു വള്ളങ്ങൾ ഇല്ലാത്തപ്പോൾ ചുവന്ന നിറമുള്ള ഒരു അജ്ഞാത വസ്‌തുവിൽ ഒരാൾ ഇരിക്കുന്നതായി വി.എസ്.എസ്.സിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ തീരസംരക്ഷണ സേനയെ അറിയിച്ചു. തുടർന്ന് സേനയുടെ പുതിയ പട്രോളിംഗ് കപ്പൽ സി - 441 അന്വേഷണം ആരംഭിച്ചു. ഒടുവിൽ ഉച്ചയ്‌ക്ക് ഒന്നോടെ തുമ്പ ഭാഗത്ത് കടലിൽ ഒറ്റയ്ക്ക് കട്ടമരം തുഴഞ്ഞുവന്ന മത്സ്യത്തൊഴിലാളി പൂവാർ സ്വദേശിയായ ക്ലിമൻസിനെ പിടികൂടി കരയിലെത്തിക്കുകയായിരുന്നു. കോസ്റ്റൽ പൊലീസ് കൈമാറിയ ഇയാളെ വിശദമായി ചോദ്യം ചെയ്‌ത ശേഷം വൈദ്യ പരിശോധന നടത്തി. ഒടുവിൽ ആഹാരവും പുതിയ വസ്ത്രങ്ങളും വാങ്ങി നൽകിയ ശേഷം ഇയാളെ ബന്ധുക്കൾക്കൊപ്പം വിട്ടയയ്‌ക്കുകയായിരുന്നു. അജ്ഞാത വസ്‌തുവിനെ കണ്ടെന്ന വാർത്ത പരന്നതോടെ നാട്ടുകാർ ആശങ്കയിലായി. ശ്രീലങ്കൻ സ്‌ഫോടന പശ്ചാത്തലത്തിൽ കോസ്റ്റൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച കമ്മിഷൻ ചെയ്‌ത പട്രോളിംഗ് കപ്പലിന്റെ ആദ്യ ദൗത്യമായിരുന്നു ഇന്നലത്തേത്.
അജ്ഞാത വസ്തുവെന്ന് കരുതിയത് ലുങ്കിയെ
മാസങ്ങൾക്ക് മുമ്പ് പുത്തൻതോപ്പിൽ നിന്നു വില പറഞ്ഞുറപ്പിച്ച കട്ടമരം നാട്ടിലെത്തിക്കാൻ ക്ലിമൻസിന് സാമ്പത്തികമില്ലായിരുന്നു. ഒടുവിൽ പ്രായം മറന്നും കട്ടമരം തുഴഞ്ഞ് നാട്ടിലെത്തിക്കാൻ തീരുമാനിച്ചു. ഞായറാഴ്ച കട്ടമരവുമായി ഒറ്റയ്ക്ക് തുഴഞ്ഞു. ഞായറാഴ്ച മുതൽ ആഹാരം കഴിക്കാതെ ചുട്ടുപൊള്ളുന്ന വെയിലിൽ കട്ടമരം തുഴഞ്ഞ ക്ലിമൻസ് ഒടുവിൽ അവശനായി. ഇതിനിടെ തുമ്പ ഭാഗത്ത് എത്തിയപ്പോൾ കാറ്റ് എതിർദിശയിൽ ആയതിനാൽ യാത്ര തടസപ്പെട്ടു. തുടർന്ന് ചുവന്ന ലുങ്കി കെട്ടി പായ്‌ക്കപ്പലാക്കുകയായിരുന്നു. ഈ ചുവന്ന തുണിയാണ് സംശയത്തിന് ഇടയാക്കിയത്.