ന്യൂഡൽഹി: എത്ര നന്മ ചെയ്താലും എന്നും പൊതുജനങ്ങളിൽ നിന്ന് ചീത്ത കേൾക്കുന്ന ഒരു വിഭാഗമാണ് പൊലീസ്. സേനയിലെ ചുരുക്കം ചിലർ ചെയ്യുന്ന തെറ്റിനു മുഴുവൻ ശിക്ഷ പേറുന്ന വിഭാഗം. വർഷത്തിൽ 365 ദിവസവും ഡ്യൂട്ടി നോക്കുന്ന തങ്ങൾക്കുമുണ്ട് ചില വിഷമങ്ങൾ എന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് അരുൺ ബത്രോ. തന്റെ ട്വിറ്റർ പേജിലൂടെ പങ്കുവച്ച വീഡിയോയാണ് അരുൺ ബത്രോ ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.
ഡ്യൂട്ടിക്കു പോകാൻ തയ്യാറായി നിൽക്കുന്ന പൊലീസുകാരനായ അച്ഛൻ. പൊട്ടിക്കരഞ്ഞുകൊണ്ട് കാലിൽ പിടിച്ച് പോവല്ലേ എന്ന് അപേക്ഷിക്കുന്ന മകൻ. ഈ അച്ഛന്റെയും കുഞ്ഞിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇത് പൊലീസ് ജോലിയുടെ ഏറ്റവും കടുപ്പം നിറഞ്ഞ ഭാഗമാണ്. ദീർഘവും ക്രമരഹിതവുമായ ഡ്യൂട്ടി സമയം കാരണം ഭൂരിഭാഗം പൊലീസ് ഓഫീസർമാർക്കും ഇത്തരം സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടതായി വരും' എന്ന കുറിപ്പും വീഡിയോയ്ക്കൊപ്പം അരുൺ ബത്രോ ചേർത്തിട്ടുണ്ട്. മകനെ പല നല്ല വാക്കുകൾ പറഞ്ഞ് അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മകൻ അതൊന്നും ചെവിക്കൊള്ളുന്നില്ല. പകരം വീണ്ടും വീണ്ടും ഉറക്കെ കരഞ്ഞുകൊണ്ട് അച്ഛനെ പോകുന്നതിൽ നിന്ന് തടയുകയാണ്. വീഡിയോയിലുള്ള അച്ഛനും മകനും ആരാണെന്നുള്ള വിവരമൊന്നും പുറത്തുവിട്ടിട്ടില്ല.