തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമ്മാണവും അറ്റകുറ്രപ്പണിയും സംബന്ധിച്ച അപ്പീലുകൾ മേയിൽ തന്നെ തീർപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനം അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി നഷ്ടപ്പെട്ടവർക്കും പുറമ്പോക്കിൽ കഴിഞ്ഞിരുന്നവർക്കും പകരം ഭൂമി കണ്ടെത്താനുള്ള നടപടിയും മേയിൽ പൂർത്തിയാക്കണം. സമയബന്ധിതമായി ഇത് പൂർത്തിയാക്കുന്നതിന് ജില്ലാതലത്തിൽ മന്ത്റിമാർ മേൽനോട്ടം വഹിക്കും. റോഡ് പുനർനിർമ്മാണവും റിപ്പയറിംഗും മഴയ്‌ക്കു മുമ്പ് പൂർത്തിയാക്കണമെന്നും മുഖ്യമന്ത്റി നിർദ്ദേശിച്ചു.
ലോക ബാങ്കിൽ നിന്ന് 3,596 കോടി രൂപ വായ്‌പയെടുക്കും. ഇതു സംബന്ധിച്ച നടപടികൾ പൂർത്തിയായി വരികയാണ്. ജൂൺ അവസാനം ചേരുന്ന ലോകബാങ്ക് ബോർഡ് യോഗത്തിൽ വായ്‌പ അനുവദിച്ചുള്ള തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 70:30 അനുപാതത്തിലാണ് ലോകബാങ്ക് വായ്‌പ. 1,541 കോടി രൂപ സംസ്ഥാന സർക്കാരിന്റെ വിഹിതമുണ്ടാകും. മൊത്തം 5,137 കോടി രൂപ പുനർനിർമ്മാണത്തിന് ലഭ്യമാകും. 2019-20 സാമ്പത്തിക വർഷം 1,541 കോടി രൂപയും ചെലവഴിക്കും.
മന്ത്റിമാരായ ഇ. ചന്ദ്രശേഖരൻ, ഇ.പി. ജയരാജൻ, ചീഫ് സെക്രട്ടറി ടോം ജോസ്, അഡിഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വിശ്വാസ് മേത്ത, ഡോ. ആശാ തോമസ്, റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്സിക്യൂട്ടിവ് ഡോ. വി. വേണു എന്നിവരും ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാരും പങ്കെടുത്തു.