തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ തുടർന്നും നയിക്കാൻ യോഗ്യനായ ഒരാളെ ഗതാഗത വകുപ്പ് കണ്ടെത്തി. വേറെ ആരും അല്ല, നിലവിലെ എം.ഡി എം.പി ദിനേശ്!
കളക്‌ഷൻ കുറഞ്ഞു വരുന്നതിന്റെയും ജീവനക്കാർക്ക് ശമ്പളം കൃത്യസമയത്ത് നൽകാത്തതിന്റെയും പേരിൽ ഏറെ പഴികേട്ട എം.ഡിയാണ് എം.പി. ദിനേശൻ. മേയ് 31ന് അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി അവസാനിക്കും. തുടർന്നും ഒരു വർഷത്തേക്കു കൂടി കാലാവധി നീട്ടിക്കൊടുക്കാനാണ് ഗതാഗതവകുപ്പ് ശുപാർശ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചിരിക്കുകയാണ്. മുഖ്യമന്ത്രി അനുകൂല നിലപാട് എടുത്താൽ ദിനേശൻ എം.ഡിയായി തുടരും.
ടോമിൻ ജെ. തച്ചങ്കരിയെ ഒഴിവാക്കിയതിനെ തുടർന്ന് ഫെബ്രുവരി 7നാണ് ദിനേശൻ എം.ഡിയായി ചുമതലയേറ്റെടുത്തത്. ദിനേശൻ ചുമതലയേറ്റെടുത്ത ശേഷം വരുമാനത്തിൽ വൻതോതിൽ നഷ്ടം സംഭവിച്ചിരുന്നു. പ്രതിദിന കളക്‌ഷനിൽ ഒരു കോടിയിലേറെ രൂപ കുറവും സംഭവിച്ചു.
മേയ് 31നു ശേഷവും തുടരാൻ അനുവദിക്കണമെന്നും കെ.എസ്.ആർ.ടി.സിയെ കുറിച്ച് പഠിച്ചുവരികയാണെന്നും ലാഭത്തിലാക്കാൻ ശ്രമിക്കുമെന്നും കാണിച്ച് ദിനേശൻ സർക്കാരിന് നേരത്തേ കത്ത് നൽകിയിരുന്നു. കത്ത് ഗതാഗത വകുപ്പ് സെക്രട്ടറി മന്ത്രിയുടെ ഓഫീസിൽ കൈമാറി. ഈ കത്തിന്മേലാണ് വകുപ്പ് അനുകൂല നിലപാട് എടുത്തിരിക്കുന്നത്.
വരുമാനത്തിൽ ഇപ്പോഴും കനത്ത കുറവാണ് കോർപറേഷനുള്ളത്. ഈ മാസം ഇതുവരെ ഒരു ദിവസം മാത്രമാണ് വരുമാനം ഏഴു കോടി കവിഞ്ഞത്. അയ്യായിരത്തിലേറെ സർവീസുകൾ നടത്തിയിരുന്ന സ്ഥാനത്ത് 4500 സർവീസുകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്.
എൽ.ഡി.എഫ് അധികാരത്തിലേറ്റ നാൾ മുതൽ കെ.എസ്.ആർ.ടി.സിയെ നവീകരിക്കാനാണ് ശ്രമിച്ചത്. രാജമാണിക്യം, എ. ഹേമചന്ദ്രൻ, ടോമിൻ തച്ചങ്കരി എന്നിവർ എം.ഡിയായിരുന്നപ്പോൾ പരിഷ്കരണ നടപടികളുമായാണ് മുന്നോട്ടു പോയത്. എന്നാൽ തച്ചങ്കരിയെ തെറിപ്പിച്ച ശേഷം ഡി.ഐ.ജി റാങ്കിലുള്ള ദിനേശിനെ എം.ഡിയാക്കിയതോടെ കെ.എസ്.ആർ.ടി.സി കുതിപ്പിന് അന്ത്യമായി, ഇപ്പോൾ കിതപ്പു മാത്രം.