nochur

തൃശൂർ: വേദശാസ്ത്ര പണ്ഡിതനും വൈദിക ആചാര്യനുമായ നൊച്ചൂർ രാമചന്ദ്ര ശാസ്ത്രികൾ (106) നിര്യാതനായി. പൂങ്കുന്നം അഗ്രഹാരത്തിലെ വസതിയിലായിരുന്നു അന്ത്യം. തൃശൂരിലും പരിസരങ്ങളിലും നിരവധി വൈദിക ചടങ്ങുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. വേദജ്ഞനായ വെങ്കിട്ടരാമഘനപാഠികളുടെ മകനായി പൊന്നാനിയിലായിരുന്നു ജനനം. പതിമ്മൂന്നാം വയസിൽ പാലക്കാട് ചിറ്റൂർ വേദശാസ്ത്ര പാഠശാലയിൽ ചേർന്നു. എട്ടു വർഷം സംസ്‌കൃതവും വേദവും പഠിച്ചു. കൃഷ്ണാചാരിയിൽ നിന്ന് ഗുരുകുല സമ്പ്രദായത്തിൽ തർക്കശാസ്ത്രം അഭ്യസിച്ചു. പട്ടാമ്പി സംസ്‌കൃത കോളേജിൽ നിന്ന് സംസ്‌കൃത സാഹിത്യ ശിരോമണി ബിരുദം നേടി. പുന്നശേരി നമ്പിയുടെ ശിഷ്യനുമായിരുന്നു. ഗുരുവായൂർ ദേവസ്വം ഓറിയന്റൽ ബോർഡ് സ്‌കൂളിൽ സംസ്‌കൃത അദ്ധ്യാപകനായിരുന്നു. പാവറട്ടി സംസ്‌കൃത കോളേജിലും പഠിപ്പിച്ചിട്ടുണ്ട്. ആഞ്ഞം കൃഷ്ണൻ നമ്പൂതിരി ഉൾപ്പെടെയുള്ളവർ ശിഷ്യരായിരുന്നു. ബ്രാഹ്മണസഭ ധർമ്മശ്രേഷ്ഠ പുരസ്‌കാരവും നേടിയിരുന്നു. പ്രമുഖ അദ്ധ്യാപകനായ പ്രൊഫ. എൻ.ആർ. ജയറാം മകനാണ്. മറ്റു മക്കൾ: തങ്കം കൃഷ്ണൻ, എൻ.ആർ. പരമേശ്വരൻ, സൂര്യനാരായണൻ, രാജേശ്വരി. മരുമക്കൾ : എൻ.ജി. കൃഷ്ണൻ, രാധാ ജയറാം, എൻ.ആർ. ലക്ഷ്മി, ലത, പരേതനായ മണി.