congress-flag

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പതിനാറ് സീറ്റുകളിൽ വിജയം ഉറപ്പെന്ന് കോൺഗ്രസിന്റെ പ്രാഥമിക വിലയിരുത്തൽ. നാലിടത്ത് മത്സരം കടുത്തുപോയെന്ന് വിലയിരുത്തുന്ന പാർട്ടി നേതൃത്വം, അക്കൂട്ടത്തിൽ പത്തനംതിട്ടയെയും ഉൾപ്പെടുത്തുന്നു എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ തവണ അമ്പത്താറായിരത്തിൽപ്പരം വോട്ടിന് യു.ഡി.എഫ് നേടിയ പത്തനംതിട്ട, ഇക്കുറി ശബരിമലവിവാദം സൃഷ്ടിച്ച സ്വാധീനത്താൽ ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലമാണ്. അവസാനം പത്തനംതിട്ടയും ജയിച്ചുകയറാനാകുമെന്ന പ്രതീക്ഷയും പങ്കുവയ്ക്കുന്ന കെ.പി.സി.സിയുടെ പ്രാഥമികറിപ്പോർട്ട് ഇന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിലെത്തി ഹൈക്കമാൻഡിന് സമർപ്പിക്കും.

പത്തനംതിട്ടയ്ക്ക് പുറമേ ആലത്തൂരും പാലക്കാടും ആറ്റിങ്ങലുമാണ് കടുപ്പമേറിയ മണ്ഡലങ്ങളായി കോൺഗ്രസ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ആലത്തൂരിലും പത്തനംതിട്ടയിലും അവസാനം ജയിച്ചുകയറുക വഴി പതിനെട്ട് സീറ്റ് വരെ നേടാനാകുമെന്ന പ്രതീക്ഷയാണ് റിപ്പോർട്ട് പ്രകടിപ്പിക്കുന്നത്. ഇടതുമുന്നണി പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലങ്ങളിൽ പത്തനംതിട്ടയുമുണ്ട്. 18 സീറ്റുകളിൽ വിജയം അവർ പറഞ്ഞെങ്കിലും പതിനൊന്നിടത്ത് ജയമുറപ്പാണെന്നാണ് ഇടതിന്റെ രഹസ്യവിലയിരുത്തൽ.

പാലക്കാട്ട് തുടക്കം തൊട്ടുണ്ടായ ചില പാളിച്ചകളാണ് വിനയായതെങ്കിലും അവസാനമായപ്പോൾ പ്രചാരണത്തിൽ ഏറെ മുന്നേറാനായിട്ടുണ്ടെന്ന് കോൺഗ്രസ് വിലയിരുത്തുന്നു.

ആറ്റിങ്ങലിൽ ശൂന്യതയിൽ നിന്ന് തുടങ്ങിയാണ് അടൂർ പ്രകാശ് കടുത്ത പോരാട്ടം കാഴ്ചവച്ചതെന്ന് കെ.പി.സി.സി റിപ്പോർട്ട് വിലയിരുത്തുന്നു. മത്സരം കടുപ്പിക്കാനായി. എന്നാൽ കോൺഗ്രസിനകത്ത് നിന്ന് തന്നെ മുൻ എം.എൽ.എമാരായ രണ്ട് മുൻനിര നേതാക്കളുടെ ചരടുവലികളുണ്ടായെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. ഈ പരാതികളും നേതൃത്വം ഗൗരവമായി കാണുന്നുണ്ട്. പത്തനംതിട്ടയിൽ സിറ്റിംഗ് എം.പിക്കെതിരായ വികാരവും വിനയായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അവിടെ ഹിന്ദു മുന്നാക്ക വോട്ടുകൾ ബി.ജെ.പി സ്ഥാനാർത്ഥിക്ക് പൂർണമായി അനുകൂലമാവില്ലെന്ന പ്രതീക്ഷയാണ് നേതൃത്വത്തെ നയിക്കുന്നത്. ആലത്തൂരിൽ സ്ഥാനാർത്ഥിക്ക് മികച്ച ഓളം സൃഷ്ടിക്കാനായതും ഇടത് സിറ്റിംഗ് എം.പിക്കെതിരായ വികാരം മണ്ഡലത്തിലുള്ളതുമാണ് അവസാനവട്ടം നേരിയ പ്രതീക്ഷയ്ക്ക് വക നൽകുന്നത്.

അതേസമയം, ഇടതുമുന്നണി ഒരിക്കലും നഷ്ടപ്പെടില്ലെന്നുറപ്പിക്കുന്ന കാസർകോട് മണ്ഡലം പിടിക്കുമെന്നാണ് കോൺഗ്രസ് വാദം. തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി സുരേഷ്ഗോപി രംഗത്തെത്തിയതോടെ ഹിന്ദു മുന്നാക്ക വോട്ടുകൾ കുറേയൊക്കെ മാറിയേക്കാമെന്ന ശങ്കയുണ്ട്. എന്നാലും ന്യൂനപക്ഷ വോട്ടുകൾ നല്ലപോലെ ടി.എൻ. പ്രതാപനെ തുണച്ചിട്ടുണ്ടെന്നും അതുവഴി വിജയമെത്തുമെന്നുമാണ് വിലയിരുത്തൽ. വയനാട്ടിൽ രാഹുലിന്റെ ഭൂരിപക്ഷം രണ്ടരലക്ഷത്തിന് മുകളിലെത്തുമെന്നാണ് പ്രതീക്ഷ.