sidco

തിരുവനന്തപുരം: സർക്കാർ ഭൂമിയിൽ നിന്ന് അനധികൃതമായി മണൽ കടത്തിയെന്ന കേസിൽ സിഡ്കോ മുൻ എം.ഡി സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി. തിരുവനന്തപുരം മേനംകുളത്തെ ടെലികോം സിറ്റിയുടെ ഭൂമിയിൽ അനധികൃത മണലെടുപ്പു നടത്തി 11 കോടി 31 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്നാണു കേസ്.

സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ വിജിലൻസ് സർക്കാരിനോട് അനുമതി തേടുകയായിരുന്നു. സജി ബഷീർ ഉൾപ്പെടെ ആറ് പേരാണ് കേസിലെ പ്രതികൾ. ഡെപ്യൂട്ടി മാനേജർ അജിത്തിനേയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. 2012ൽ രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ചത് ഏപ്രിലിലാണ്. നിലവിൽ പതിനഞ്ചോളം വിജിലൻസ് കേസുകളിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് സജി ബഷീർ.