നവ ഉദാരവത്കരണ നയങ്ങൾ നടപ്പിലാക്കിയതിന്റെ ഫലമായി ആഗോള സമ്പദ്‌വ്യസ്ഥയിലുണ്ടാക്കയ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. ഇത് ഏറ്റവും അധികം ദോഷകരമായി ബാധിച്ചിരിക്കുന്നത് തൊഴിലാളികളുടെ ജീവിതത്തെയാണ്. തൊഴിലിന്റെ സ്വഭാവം തന്നെ മാറി. സ്ഥിരം തൊഴിലുകൾ അവസാനിപ്പിക്കുകയും പകരം നിശ്ചിതകാല തൊഴിൽ, കരാർ തൊഴിൽ, താത്കാലിക തൊഴിൽ, പുറംകരാർ തൊഴിൽ എന്നീ പേരിൽ തൊഴിലാളികളെ കൊണ്ട് തൊഴിലെടുപ്പിക്കുകയും എന്നാൽ,
അവർക്ക് യാതൊരുവിധ തൊഴിൽ സുരക്ഷയും സാമൂഹ്യ സുരക്ഷയും നൽകാത്ത സ്ഥിതിയാണ്. വിവര സാങ്കേതിക രംഗത്തടക്കമുള്ള പുതിയ തൊഴിൽ മേഖലകളിൽ തൊഴിലാളികളെ കൊണ്ട് അടിമ സമാനമായ സാഹചര്യത്തിൽ തൊഴിലെടുപ്പിക്കുന്നു. ദീർഘകാല പോരാട്ടത്തിലൂടെ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾ ഓരോന്നായി നിഷേധിക്കുന്ന കാലഘട്ടത്തിലൂടെയാണ് മേയ്ദിനം കടന്നു പോകുന്നത്.
ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്ര
യോജനപ്പെടുത്തി തൊഴിൽ മേഖലകളിൽ നിന്ന് തൊഴിലാളികളെ ഒഴിവാക്കാനാണ് ആഗോള മുതലാളിത്തം ശ്രമിക്കുന്നത്. ശാസ്ത്ര-സാങ്കേതിക വിദ്യയുടെ പുത്തൻ സാധ്യതകളായ ഓട്ടോമേഷനും നിർമ്മിത ബുദ്ധിയും റോബോട്ടുകളും ആവുന്നത്ര ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്. ലോകത്ത് ഏത് നിമിഷവും ഇല്ലാതാകുന്ന തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നത് 150 കോടി ജനങ്ങളാണ്. മൊത്തം തൊഴിലാളികളുടെ 46 ശതമാനം വരുമിത്. ഉത്പാദന പ്രക്രിയയിൽ എന്ന് തൊഴിലാളികളെ ഒഴിവാക്കി കോർപ്പറേറ്റുകൾ അവരുടെ ലാഭം കുന്നുകൂട്ടുകയാണ്.
കോർപ്പറേറ്റ് സേവ നടത്തുന്ന രാജ്യത്തെ ഭരണാധികാരികൾ നടപ്പാക്കുന്നത് തൊഴിലാളി വിരുദ്ധ നയങ്ങളാണ്. തൊഴിലാളികൾക്ക് സംഘടിക്കുന്നതിനും, കൂട്ടായി വിലപേശുന്നതിനും നിയമപരമായി അവകാശം നൽകുന്ന ട്രേഡ് യൂണിയൻ നിയമംപോലും ഇല്ലാതാക്കുകയാണ്. തൊഴിലാളികൾക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഓരോന്നായി പിൻവലിക്കുകയാണ്. സുപ്രിംകോടതിയും ഏഴാം ശമ്പള കമ്മിഷനും കുറഞ്ഞ മാസവേതനമായി 18000 രൂപ നൽകണമെന്ന നിർദ്ദേശം മോദി സർക്കാർ നടപ്പാക്കിയില്ല. മിനിമം വേതനത്തിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാനെന്ന പേരിൽ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് കുറഞ്ഞ മാസവേതനം 18000 രൂപ നൽകണമെന്ന നിർദ്ദേശം മോദി സർക്കാർ അട്ടിമറിച്ചു.
തൊഴിലാളി ദ്രോഹനയങ്ങൾ സ്വീകരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെ ഒറ്റപ്പെടുത്താനുള്ള പോരാട്ടങ്ങൾ സംഘടിപ്പിക്കണം. എല്ലാത്തരം അടിച്ചമർത്തലുകൾക്കും ചൂഷണത്തിനും സാമ്രാജ്യത്വ ശക്തികൾക്കുമെതിരെയുള്ള തൊഴിലാളി വർഗത്തിന്റെ പോരാട്ടം കൂടുതൽ കരുത്തോടും ഐക്യത്തോടും തുടരേണ്ടയിരിക്കുന്നു.