web

തിരുവനന്തപുരം: വെബ്‌ സംപ്രേഷണത്തിനായി ബൂത്തുകളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥാപിച്ച ചെറുകാമറയാണ് മലബാറിൽ ആചാരംപോലെ തുടരുന്ന കള്ളവോട്ടിന് തെളിവുണ്ടാക്കിയത്. കണ്ണൂരിൽ ആകെയുള്ള 1857 ബൂത്തുകളിൽ 1841ലും കാസർകോട്ടെ 43 ബൂത്തുകളിലും വെബ്‌കാസ്റ്റിംഗുണ്ടായിരുന്നു. 90 ശതമാനത്തിനു മുകളിലേക്ക് പോളിംഗ് കുതിച്ചുകയറുന്ന ബൂത്തുകളിൽ വ്യാപകമായ പരാതിയുണ്ടായപ്പോഴായിരുന്നു വോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്തത്. ഉദ്യോഗസ്ഥരെയും പോളിംഗ് ഏജന്റുമാരെയും നിശബ്‌ദരാക്കിയുള്ള 'ജനാധിപത്യത്തിന്റെ കശാപ്പ്' തെളിവില്ലാതെ മുൻകാലങ്ങളിൽ തള്ളിപ്പോയെങ്കിൽ ഇത്തവണ കാമറക്കണ്ണുകൾ കള്ളവോട്ട് തെളിവോടെ ഒപ്പിയെടുത്തു. ബൂത്തിൽ എന്തുനടക്കുന്നെന്ന് ലോകം മുഴുവൻ കാണുന്നുണ്ടെന്ന് മറന്ന സി.പി.എം പ്രാദേശികനേതാക്കൾ കാമറാ കെണിയിൽ കുടുങ്ങി.

കള്ളവോട്ട് കണ്ടെത്താൻ നൂറംഗ സംഘത്തെയാണ് കണ്ണൂരിൽ സജ്ജമാക്കിയിരുന്നത്. വോട്ടറെ കൃത്യമായി മനസിലാക്കാൻ കഴിയുന്ന തരത്തിലായിരുന്നു കാമറ വച്ചത്. ബൂത്തുകളിലെ നടപടികൾ തത്സമയം നിരീക്ഷിക്കാൻ കളക്ടറേ​റ്റ് ആഡി​റ്റോറിയത്തിൽ ജില്ലാ കളക്ടറുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ വെബ്‌ കാസ്​റ്റിംഗ് കൺട്രോൾ റൂം സജ്ജീകരിച്ചു. മുഴുവൻസമയവും കാമറാദൃശ്യങ്ങൾ നിരീക്ഷിക്കാൻ 92 വ്യൂവിംഗ് സൂപ്പർവൈസർമാരും ഇൻഫർമേഷൻ കേരളമിഷൻ, നാഷണൽ ഇൻഫോമാറ്റിക്സെന്റർ എന്നിവിടങ്ങളിലെ വിദഗ്ദ്ധരുമുണ്ടായിരുന്നു. വെബ്സൈറ്റിലെ തത്സമയസംപ്രേഷണം അപ്പാടെ കോൺഗ്രസ് റെക്കാഡ് ചെയ്ത് തെളിവുസഹിതം പുറത്താക്കുകയായിരുന്നു.

കാസർകോട് മണ്ഡലത്തിലെ കള്ളവോട്ട് ദൃശ്യങ്ങളാണ് കമ്മിഷൻ സ്ഥിരീകരിച്ചതെങ്കിലും കണ്ണൂർ മണ്ഡലത്തിലെ തളിപ്പറമ്പിലും സമാനദൃശ്യങ്ങളുണ്ട്. 95 ശതമാനത്തിലധികം പോളിംഗ് നടന്ന 40 ബൂത്തുകളാണ് തളിപ്പറമ്പിലുള്ളത്. ഇത്തരത്തിലുള്ള എല്ലാ ബൂത്തുകളിലെയും കാമറാദൃശ്യങ്ങൾ പരിശോധിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.

''വെബ്‌കാമറ സംവിധാനത്തിന്റെ വിജയമാണിത്. വെബ്‌കാമറ ഉണ്ടായിരുന്നതിനാലാണ് കള്ളവോട്ട് കണ്ടെത്താനായത്.''

ടിക്കാറാം മീണ

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ