കിളിമാനൂർ: രാജാക്കൻമാരിലെ ചിത്രകാരനും ചിത്രകലയുടെ രാജാവുമായ കിളിമാനൂർ കൊട്ടാരത്തിലെ രാജാരവിവർമ്മയുടെ 172-ാമത് ജന്മദിനം ജന്മനാടായ കിളിമാനൂർ വിപുലമായി ആഘോഷിച്ചു. കിളിമാനൂർ കൊട്ടാരത്തിലും രാജാരവിവർമ്മ സാംസ്കാരിക നിലയത്തിലും ജന്മദിനാഘോഷത്തിന്റെ ഭാഗമായി വിവിധ ചടങ്ങുകൾ സംഘടിപ്പിച്ചു. രാവിലെ കിളിമാനൂർ കൊട്ടാരത്തിൽ രാജാരവിവർമ്മാ സ്മൃതി മണ്ഡപത്തിൽ ബി. സത്യൻ എം. എൽ. എ പുഷ്പാർച്ചന നടത്തി. തുടർന്ന് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച ചിത്രമെഴുത്ത് കളരി എം. എൽ. എ ഉദ്ഘാടനം ചെയ്തു. കേരള ലളിതകലാ അക്കാഡമിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് അദ്ധ്യക്ഷത വഹിച്ചു. ചിത്രകലക്ക് സ്ഥിരം പരിശീലനം നൽകുന്ന പദ്ധതിക്ക് ലളിതകലാ അക്കാഡമിയുടെ നേതൃത്വത്തിൽ തുടക്കമിടും. സാംസ്കാരിക നിലയവും ആർട്ട് ഗാലറിയും സന്ദർശിക്കാനും, ചിത്രരചനക്കും എത്തുന്നവർക്ക് അടിസ്ഥാന സൗകര്യത്തിനായി അരക്കോടി ചെലവിൽ അമിനിറ്റി സെന്റർ നിർമ്മിക്കുമെന്ന് എം .എൽ .എ അറിയിച്ചു. രാജ്യത്തെ ഏറ്റവും നല്ല ചിത്രകാരന് നൽകുന്ന രാജാരവിവർമ്മാ പുരസ്കാരം ചടങ്ങ് ഇനിമുതൽ ജന്മനാടായ കിളിമാനൂരിൽ സംഘടിപ്പിക്കും. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള 9കോടി രൂപയുടെ മാസ്റ്റർ പ്ലാൻ അനുമതി ലഭ്യമാകുന്നതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും എം. എൽ .എ അറിയിച്ചു. കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ, വൈസ് പ്രസിഡന്റ് എ. ദേവദാസ്, കെ. ആർ. രാമവർമ്മ, കിളിമാനൂർ ഷാജി തുടങ്ങിയവർ സംസാരിച്ചു. രാജാരവിവർമ്മാ അനുസ്മരണ പ്രഭാഷണം സാഹിത്യകാരൻ കിളിമാനൂർ ചന്ദ്രൻ നിർവ്വഹിച്ചു. കാരയ്ക്കാമണ്ഡപം വിജയകുമാർ സ്വാഗതവും രാജാരവിവർമ്മാ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് എം. ഷാജഹാൻ നന്ദിയും പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി 50 കുട്ടികൾ പങ്കെടുത്ത ചിത്രകലാ കളരി നടന്നു. പ്രമുഖ ചിത്രകാരൻമാർ കളരിക്ക് നേതൃത്വം നൽകി.