വിതുര: പേപ്പാറ ഡാമിൽ മീൻപിടിക്കാൻ പോയ അഞ്ചംഗ സംഘത്തിൽപ്പെട്ട ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആര്യനാട് തേവിയാരുകുന്ന് വടക്കേക്കര പുത്തൻവീട്ടിൽ അനിൽകുമാറിന്റെയും വസന്തയുടെയും മകൻ അനീഷാണ് (34) മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അനീഷിന്റെ അനുജൻ അഭിലാഷ്, സുഹൃത്തുക്കളും മീനാങ്കൽ സ്വദേശികളുമായ സന്തോഷ്‌കുമാർ, സതീഷ്, സജു എന്നിവർക്കൊപ്പമാണ് അനീഷെത്തിയത്. എന്നാൽ രാത്രി വൈകി അനീഷ് വീട്ടിലേക്ക് മടങ്ങിയതായി ഒപ്പമുണ്ടായവർ പറഞ്ഞു. ഇന്നലെ രാവിലെ അനീഷിനെ കാണാത്തതിനെ തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്നലെ ഉച്ച കഴിഞ്ഞാണ് പേപ്പാറ കുട്ടപ്പാറ കല്ലോട്ടുപാറ ആമൂട് വനമേഖലയിൽ നിന്ന് അനീഷിന്റെ മൃതദേഹം വനപാലകർ കണ്ടെത്തിയത്. ഇയാൾ ആനയുടെ മുന്നിൽ പെട്ടതാകാമെന്നാണ് സൂചന. മൃതദേഹം കിടന്നതിനടുത്ത് ആനയുടെ കാൽപ്പാടുകളുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് വിതുര സി.ഐ വിനോദ്ചന്ദ്രൻ പറഞ്ഞു. സംഭവവവുമായി ബന്ധപ്പെട്ട് മീനാങ്കൽ സന്തോഷ്കുമാർ, സതീഷ്, സജു എന്നിവരെ വിതുര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൂര്യയാണ് അനീഷിന്റെ ഭാര്യ. മകൾ : അനശ്വര.