photo

നെടുമങ്ങാട്: മന്നൂർക്കോണം ആർച്ച് ജംഗ്‌ഷനിൽ സാമൂഹ്യവിരുദ്ധർ അറവുശാല മാലിന്യം നിക്ഷേപിച്ചതിനാൽ മൂക്ക് പൊത്താതെ ഈ വഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. ലോറിയിൽ എത്തിച്ച മാലിന്യം ഇവിടെ നിക്ഷേപിച്ച് മുങ്ങിയതാവാമെന്നാണ് സംശയം. സ്വകാര്യ റബർ തോട്ടത്തിന്റെ അതിർത്തിയിൽ റോഡിന്റെ വശത്താണ് മാംസാവശിഷ്ടങ്ങൾ കുമിഞ്ഞു കൂടിയിരിക്കുന്നത്. ഈച്ചയും പുഴുക്കളും പെരുകി ദുർഗന്ധം വമിക്കുന്ന മാലിന്യക്കൂന നീക്കം ചെയ്യാൻ വഴിയില്ലാതെ വലയുകയാണ് നാട്ടുകാർ. ആരാധനാലയങ്ങൾ, കടകൾ, വീടുകൾ തുടങ്ങിയ ഉള്ള ജനവാസമേഖലയാണ് ചീഞ്ഞുനാറുന്നത്. പൊന്മുടി സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്കും ഇത് മനം മടുപ്പിക്കുന്ന കാഴ്ചയാണ്. നേരത്തെ പൊലീസ് വാഹന പരിശോധന നടത്തിയിരുന്നത് ഈ ഭാഗത്താണ്. മാലിന്യം നിക്ഷേപിച്ച ശേഷം നിയമപാലകരും ഈ വഴി വരുന്നില്ലെന്ന് ആരോപണമുണ്ട്. മാലിന്യ നിക്ഷേപകരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് കോൺഗ്രസ് നേതാവ് മന്നൂർക്കോണം താജുദ്ദീന്റെ നേതൃത്വത്തിൽ നാട്ടുകാർ അധികാരികൾക്ക് പരാതി നൽകി.