കിളിമാനൂർ: വിശ്വപ്രസിദ്ധ ചിത്രകാരൻ രാജാരവിവർമ്മയുടെ പേരിൽ ഏർപ്പെടുത്തിയ രാജാരവിവർമ്മ പുരസ്കാരം ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാറിന് നൽകി. രാജാരവിവർമ്മയുടെ 172-ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കിളിമാനൂർ രാജാരവിവർമ്മ സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡോ. എ. സമ്പത്ത് എം.പിയാണ് പുരസ്കാരം കൈമാറിയത്. രാജാരവിവർമ്മ കൾച്ചറൽ സൊസൈറ്റിയും കിളിമാനൂർ സഹകരണ കാർഷിക ഗ്രാമവികസന ബാങ്കും ഏർപ്പെടുത്തിയതാണ് പുരസ്കാരം. തുടർന്ന് നടന്ന അനുസ്മരണ യോഗം ഡോ. എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.പി. മുരളി അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാഡമി നിർവാഹകസമിതിയംഗം പ്രൊഫ. വി.എൻ. മുരളി മുഖ്യ പ്രഭാഷണം നടത്തി. കിളിമാനൂർ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ആർ. രാമു, സംസ്കൃത സർവകലാശാല പി.വി.സി ഡോ. എസ്. രാജശേഖരൻ, എ. ദേവദാസ്, കെ.ജി. പ്രിൻസ് തുടങ്ങിയവർ സംസാരിച്ചു. രാജാരവിവർമ്മ കൾചറൽ സൊസൈറ്റി പ്രസിഡന്റ് എം. ഷാജഹാൻ പുരസ്കാര ജേതാവിനെ സദസിന് പരിചയപ്പെടുത്തി. കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാൾ സ്വാഗതവും എസ്. രഘുനാഥൻ നന്ദിയും പറഞ്ഞു.