election-2019

തിരുവനന്തപുരം: കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ പിലാത്തറ 19-ാം നമ്പർ ബൂത്തിൽ മൂന്ന് പേർ കള്ളവോട്ട് ചെയ്തെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സി.പി.എം ഗ്രാമ പഞ്ചായത്ത് അംഗം എൻ.പി. സെലീന, മുൻ പഞ്ചായത്ത് അംഗം കെ.പി. സുമയ്യ, പദ്മിനി എന്നിവരാണ് കള്ളവോട്ട് ചെയ്തത്. ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 171-ാം വകുപ്പ് പ്രകാരം കേസെടുക്കാൻ പൊലീസ് നിർദ്ദേശം നൽകി.

സെലീന പഞ്ചായത്ത് അംഗത്വം രാജിവയ്ക്കേണ്ടി വരും. കള്ളവോട്ട് ചെയ്യാൻ സഹായിച്ച എൽ.ഡി.എഫ്, യു.ഡി.എഫ് ബൂത്ത് ഏജന്റുമാർക്കെതിരെയും നടപടിയുണ്ടാവും. ക്രമക്കേട് കണ്ടെത്തിയ ബൂത്തുകളിൽ റീപോളിംഗ് വേണമോയെന്നത് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കും.

കള്ളവോട്ട് നടന്നതായി തെളിഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിനൊപ്പം ജനപ്രാതിനിധ്യ നിയമവും ചേർത്താണ് നടപടിയെടുക്കുക. ഇരു വകുപ്പിലും കൂടി രണ്ടു വർഷം വരെ തടവു ശിക്ഷ ലഭിക്കാം.

കള്ളവോട്ട് നടന്നിട്ടില്ലെന്ന സി.പി.എമ്മിന്റെ അവകാശവാദങ്ങൾ പൊളിക്കുന്നതും ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുന്നതുമാണ് മീണയുടെ വെളിപ്പെടുത്തൽ. വെബ്ക്യാം സംവിധാനം ഉണ്ടായിരുന്നതിനാലാണ് കള്ളവോട്ട് കണ്ടെത്താനായത്.

സെലീനയും സുമയ്യയും 19-ാം നമ്പർ ബൂത്തിലെ വോട്ടർമാരല്ല. സെലീന 17-ാം നമ്പർ ബൂത്തിലെയും സുമയ്യ 24-ാം നമ്പർ ബൂത്തിലെയും വോട്ടർമാരാണ്. ഇവർ അവരുടെ യഥാർത്ഥ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടോയെന്നും പരിശോധിക്കും. പോളിംഗുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സ്ട്രോംഗ് റൂമിലാണ്. ഇത് പരിശോധിച്ചേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ. പദ്മിനി വൈകിട്ട് രണ്ട് തവണ വോട്ട് ചെയ്തതായാണ് കാമറാ ദൃശ്യങ്ങളിൽ വ്യക്തമാവുന്നത്.

പരാതികൾ ലഭിച്ചിട്ടുള്ള, 95 ശതമാനത്തിലേറെ പോളിംഗ് നടന്ന എല്ലാ ബൂത്തുകളിലെയും വോട്ടിംഗ് പരിശോധിക്കും. പോളിംഗ് ഓഫീസർമാർക്ക് ഇക്കാര്യത്തിൽ വീഴ്ച പറ്റിയിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

പോളിംഗുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർമാർ നൽകിയ റിപ്പോർട്ടുകൾ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറും. യു.ഡി.എഫ് പോളിംഗ് ഏജന്റ് രാവിലെ 11ന് ശേഷം ബൂത്ത് വിട്ട് പോയതായാണ് പ്രിസൈഡിംഗ് ഓഫീസർ നൽകിയ റിപ്പോർട്ട്. ഇതേക്കുറിച്ചും അന്വേഷിക്കും. വോട്ടെണ്ണൽ ദിവസത്തിന് മുമ്പുവരെ കിട്ടുന്ന എല്ലാ പരാതികളെക്കുറിച്ചും അന്വേഷണം നടത്തും.

ഡോക്ടറുടെ വോട്ടിലും

ക്രമക്കേട്
രോഗിയായ ഡോക്ടറെ കൊണ്ടുവന്ന് വോട്ട് ചെയ്യിച്ചതിലും ക്രമവിരുദ്ധമായ കാര്യങ്ങൾ നടന്നു. വ്യാപാരി വ്യവസായി സമിതി പ്രതിനിധിയായ കെ.സി. രഘുനാഥാണ് ഡോക്ടറെ കൊണ്ടുവന്നത്. എന്നാൽ ഡോക്ടർക്കുവേണ്ടി വോട്ടു ചെയ്തത് രഘുനാഥിനു പകരം മറ്റൊരാളാണ്. വോട്ടു ചെയ്യുമ്പോൾ ഡോക്ടർ ബൂത്തിനുള്ളിൽ ഉണ്ടായിരുന്നില്ല. ഡോക്ടറുടെ വിരലടയാളം രേഖപ്പെടുത്തിയതും ക്രമവിരുദ്ധമായാണ്. ഇക്കാര്യത്തിൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റി.