"കംപാനിയൻ വോട്ട് " വാദം പൊളിഞ്ഞു
തിരുവനന്തപുരം: കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ പിലാത്തറ ബൂത്തിൽ കള്ളവോട്ട് നടന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സ്ഥിരീകരിച്ചതോടെ സി.പി.എം നേതൃത്വം പ്രതിരോധത്തിലായി. ടിക്കാറാം മീണയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ, സി.പി.എമ്മിനും ഇടതുമുന്നണിക്കുമെതിരെ ആരോപണം ശക്തമാക്കി കോൺഗ്രസും യു.ഡി.എഫും രംഗത്തെത്തി. റീപോളിംഗ് ആവശ്യവും അവർ ശക്തമാക്കുകയാണ്. പാർട്ടിയുടെ പഞ്ചായത്തംഗം ഉൾപ്പെടെ കള്ളവോട്ട് ആരോപണത്തിൽ പ്രതിക്കൂട്ടിലാവുന്നത് സി.പി.എമ്മിന് സൃഷ്ടിക്കുന്ന ക്ഷീണം ചെറുതാവില്ല.
കേസ് മുറുകുന്ന സാഹചര്യത്തിൽ നിയമപരമായ വശങ്ങൾ പരിശോധിച്ച് മുന്നോട്ട് നീങ്ങാനാണ് സി.പി.എം നീക്കം.
പരസഹായം വേണ്ടിവന്നവർക്കായി 'കംപാനിയൻ വോട്ട് " ചെയ്തെന്ന വാദത്തിലുറച്ച് മുന്നോട്ട് നീങ്ങാനാവും തത്കാലം ശ്രമിക്കുക. പാർട്ടി പ്രവർത്തകർ ചെയ്തത് ഓപ്പൺ വോട്ടാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിച്ചിരുന്നു. കംപാനിയൻ വോട്ടിന് രാഷ്ട്രീയപാർട്ടികൾ നടത്തുന്ന നാടൻ പ്രയോഗമാണ് ഓപ്പൺവോട്ട് എന്നത്. അല്ലാതെ ഓപ്പൺവോട്ട് സമ്പ്രദായം ഇത്തരം തിരഞ്ഞെടുപ്പുകളിൽ നിലവിലില്ല.
കണ്ണൂർ, കാസർകോട് ജില്ലകളിൽ സി.പി.എമ്മിനെതിരെ വർഷങ്ങളായി എതിരാളികൾ ഉന്നയിക്കുന്നതാണ് കള്ളവോട്ട് ആരോപണം. സെൻസിറ്റീവ് ബൂത്തുകളിൽ സ്ഥാപിച്ച സി.സി ടിവി കാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇക്കുറി ആരോപണം കനത്തത്. മറുവശത്ത് കോൺഗ്രസ്, ലീഗ് ശക്തികേന്ദ്രങ്ങളിൽ അവർക്കെതിരെ സി.പി.എമ്മും ഇതേ ആരോപണം ഉന്നയിക്കാറുള്ളതാണ്. പിടിച്ചുനിൽക്കാൻ വരും ദിവസങ്ങളിൽ ഈ ആക്ഷേപങ്ങൾ ശക്തിപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കങ്ങളും സി.പി.എമ്മിൽ നിന്നുണ്ടായേക്കാം. ലീഗിനെതിരെ ദൃശ്യങ്ങൾ സഹിതം ആരോപണമുയർന്നു കഴിഞ്ഞു.
സി.പി.എമ്മിലെ ആരോപണവിധേയരായവർക്കെതിരെ ആൾമാറാട്ടം സംബന്ധിച്ച കേസാണിപ്പോൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ശരി വച്ചിരിക്കുന്നത്. ഇവരുൾപ്പെടാത്ത ബൂത്തിൽ വന്ന് വോട്ട് രേഖപ്പെടുത്തിയെന്നതിനാണ് സ്ഥിരീകരണമുണ്ടായത്. തദ്ദേശ ഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളായ പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണ നടപടികളുമായി മുന്നോട്ട് പോകാനും ജില്ലാ വരണാധികാരികൾ കൂടിയായ കളക്ടർമാരോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിലുണ്ടായ അപ്രതീക്ഷിതമായ തിരിച്ചടി നേതൃത്വത്തെ തീർത്തും പ്രതിരോധത്തിലാക്കുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട് വന്നശേഷം സി.പി.എം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കംപാനിയൻ വോട്ടിന് ഫോം 14ൽ ഒപ്പിട്ടു നൽകുന്നതടക്കമുള്ള നടപടിക്രമങ്ങളുണ്ട്. ഇതും വോട്ടേഴ്സ് രജിസ്റ്റർ, വോട്ടർപട്ടിക എന്നിവയുമെല്ലാം വോട്ടെടുപ്പ് കഴിഞ്ഞതോടെ മുദ്രവച്ച കവറിലാണ്. ഇവ പുറത്തെടുത്ത് പരിശോധിക്കണമെങ്കിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വേണം. വോട്ടെണ്ണലിന് ശേഷം മതി അതെന്ന തീരുമാനം വന്നാൽ അതുവരെ രാഷ്ട്രീയപ്രതിരോധം തീർത്ത് ഇടതിന് മുന്നോട്ട് പോകാം.
കള്ളവോട്ടെന്ന നിഗമനത്തിൽ കമ്മിഷൻ എത്തിയത് എന്തടിസ്ഥാനത്തിലെന്നറിയില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ മന്ത്രി ഇ.പി. ജയരാജൻ പ്രതികരിച്ചത് ഈ പശ്ചാത്തലത്തിലാണ്. തിരഞ്ഞെടുപ്പ് ഫലം ഇഞ്ചോടിഞ്ച് എന്ന നില വന്നാൽ പിന്നീടങ്ങോട്ടുള്ള നിയമ പോരാട്ടമുൾപ്പെടെ കടുത്ത തലവേദനയായുണ്ടാകും.