crime

പാറശാല: തമിഴ് നാട്ടിൽ നിന്ന് കേരളത്തിലേക്ക് ചെറു പൊതികളാക്കി കൊണ്ടുവന്ന 100 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പാറശാല റയിൽവേ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം തിരുവല്ലം പാച്ചല്ലൂർ ടി.സി.82 -ൽ വിഷ്ണു (23), കൊച്ചുവേളി ടി.സി.78/3813 നിസാ മൻസിലിൽ അനസ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ പാറശാല റയിൽവേ സ്റ്റേഷനിൽ എത്തിയ മധുര - പുനലൂർ പാസഞ്ചർ ട്രെയിനിലെ യാത്രക്കാരായിരുന്നു ഇരുവരും. ട്രെയിനിലെ പതിവ് പരിശോധനക്കിടെയാണ് ഇവരുടെ ബാഗിനുള്ളിൽ 23 ചെറുപൊതികളാക്കി കൊണ്ടുവന്ന കഞ്ചാവ് കണ്ടെടുത്തത്. തിരുവനന്തപുരത്തെ വിവിധ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പൊതി ഒന്നിന് 500,600 രൂപക്ക് കച്ചവടം നടത്താനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. കൂലിപ്പണിക്കാരാണ് ഇരുവരും. റയിൽവേ പൊലീസ് മേധാവി മെറിൻ ജോസഫിന്റെ നിർദേശാനുസരണം നടത്തിയ പരിശോധനയിൽ റയിൽവേ പൊലീസിലെ ഡിവൈ.എസ്.പി. കെ.എം. ജിജിമോൻ, സി.ഐ ജയകുമാർ, പാറശാല റയിൽവേ പൊലീസിലെ എസ്.എച്ച്.ഒ. ശരത്കുമാർ, എസ്.ഐ മാരായ അബ്ദുൽവഹാബ്, ശ്രീകുമാരൻ നായർ, എസ്.സി.പി.ഒ മാരായ അനിൽ കുമാർ, ശിവകുമാർ, സി.പി.ഒ മാരായ അനിൽ, ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്