വിതുര: കാട്ടാനകളുടെ താണ്ഡവം രൂക്ഷമായതോടെ ആദിവാസികളുടെ ജീവിതം ദുരിതത്തിലായി. കഴിഞ്ഞ ഒരു വർഷത്തിനിടെ കാട്ടാനകളുടെ താണ്ഡവത്തിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. നടപടികൾ സ്വീകരിക്കാത്തതിനെതിരെ ആദിവാസി സമൂഹത്തിനിടയിൽ ശക്തമായ പ്രതിഷേധവും ഉയർന്നിരിക്കുകയാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ ആനശല്യമുള്ള പഞ്ചായത്താണ് വിതുര. കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് ബഡ്ജറ്റുകളിൽ ആദിവാസി മേഖലയുടെ വികസനത്തിനായി ഉൾപ്പെടുത്താറുള്ളത്. പക്ഷേ കുടിവെള്ളം പോലും ലഭിക്കാതെ വനാന്തരങ്ങളിൽ രോഗങ്ങളുമായി മല്ലിട്ട് ചികിത്സ പോലും ലഭിക്കാതെ ചോർന്നൊലിക്കുന്ന നാൽക്കാലി പുരകളിൽ അനവധി ആദിവാസികൾ മരണത്തോട് മല്ലടിച്ച് കഴിയുകയാണ്. തിരഞ്ഞെടുപ്പ് വേളകളിൽ മോഹന വാഗ്ദാനങ്ങൾ നിരത്തി ഊരുകളിൽ വോട്ട് തേടിയെത്തുന്ന രാഷ്ട്രീയക്കാർ കാര്യം സാധിച്ചാൽ കറിവേപ്പിലെ പോലെയാണ് തങ്ങളെ കാണുന്നതെന്നാണ് ആദിവാസികളുടെ പരാതി. ഈ തിരഞ്ഞെടുപ്പിലും വോട്ട് ചോദിച്ച് ആദിവാസി ഊകുരളിൽ എത്തിയ സ്ഥാനാർത്ഥികൾക്ക് മുന്നിൽ ആനശല്യത്തെ കുറിച്ചുള്ള ആവലാതികൾ ആദിവാസികൾ നിരത്തിയിരുന്നു. നടപടികൾ സ്വീകരിക്കാമെന്ന സ്ഥിരം പല്ലവിയാണ് മറുപടിയായി ലഭിച്ചതെന്നും ഇവർ പറയുന്നു. അഞ്ച് വർഷത്തിനിടയിൽ വിതുര പഞ്ചായത്തിൽ കാട്ടാനകളുടെ ആക്രമണത്തിൽ വിതുര പഞ്ചായത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. കഴിഞ്ഞ മാസം ഉപജീവനത്തിനായി വനവിഭവങ്ങൾ ശേഖരിക്കാനായി ഉൾക്കാട്ടിൽ പോയ കല്ലാർ സ്വദേശിയായ ഭഗവാൻകാണിയെ കാട്ടാനകുത്തിക്കൊന്നു. കഴിഞ്ഞ ദിവസം പേപ്പാറ വനത്തിൽ വച്ചാണ് അനീഷ് എന്ന യുവാവ് മരിച്ചത്. ഇത്തരത്തിൽ അടിക്കടി മരണങ്ങൾ അരങ്ങേറിയിട്ടും വനംവകുപ്പ് യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് ആദിവാസികൾ പരാതിപ്പെട്ടു.