model-died

സാവോ പോളോ: ഫാഷൻ ഷോയിൽ ക്യാറ്റ് വാക്ക് നടത്തുന്നതിനിടെ മരണം വരിച്ച് മോഡൽ. ടേൽസ് സൊവാറസ് എന്ന 26കാരനാണ് കഴിഞ്ഞ ദിവസം ബ്രസീലിൽ നടന്ന സാവോ പോളോസ് ഫാഷൻ ഷോയിൽ ചെരുപ്പിന്റെ വള്ളിയിൽ തട്ടി വീണ് റാമ്പിൽ തന്നെ മരണമടഞ്ഞത്. ഇളംനീല കുപ്പായം ധരിച്ച്, വശ്യമായ ആ നോട്ടവുമായി ടേൽസ് സൊവാറസ് റാംപിലൂടെ നടന്നു വരികയായിരുന്നു. ഇതിനിടെ ചെരുപ്പിന്റെ വള്ളിയിൽത്തട്ടി വീണു. വീഴ്ച ഷോയുടെ ഭാഗമാണെന്നും ഇപ്പോൾ ചാടിയെഴുന്നേൽക്കുമെന്നും കരുതിയവർക്ക് തെറ്റി. ടേൽസിന്റെ വായിൽ നിന്ന് നുരയും പതയും വന്നു. ഉടൻതന്നെ ആരോഗ്യപ്രവർത്തകർ ഓടിയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴഷക്കും ടേൽസ് ലോകത്തോട് വിടപറഞ്ഞിരുന്നു. വെജിറ്റേറിയനായ ടേൽസ് മോഡലിംഗിനായി കടുത്ത ഭക്ഷണ നിയന്ത്രണം നടത്തുമായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. ഷോ നടന്ന ദിവസവും ചടങ്ങിനിടെ ടേൽസിന് ആവശ്യമായ ഭക്ഷണം ലഭിച്ചിരുന്നില്ലത്രേ. മോഡലിന് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നെന്നും ലഹരിപദാർഥങ്ങൾ ഉപയോഗിച്ചിരുന്നില്ലെന്നുമാണു മോഡലിങ് ഏജൻസി അറിയിച്ചത്. മോഡലിംഗ് ലോകത്തെ ഇരുണ്ട വശങ്ങളെ കുറിച്ച് വാർത്തകൾ നിരവധി വന്നിട്ടുണ്ടെങ്കിലും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. കിടമത്സരം നടക്കുന്ന ഫീൽഡിൽ ഒന്നാമതെത്താനായി ആരോഗ്യം പോലും കളഞ്ഞുള്ള ഡയറ്റാണ് മോഡലുകൾ നോക്കുക. പോഷകാഹാര കുറവു കാരണം മരണം വരെ സംഭവിച്ചെങ്കിലും ഇന്നും പഴയ സ്ഥിതി തുടരുക തന്നെയാണ്. അതിൽ ഒടുവിലത്തെ ഇരയാണ് ടേൽസ്.