cpm

കണ്ണൂർ: കാസർകോട് ലോക്‌‌സഭാ മണ്ഡലത്തിലെ ഒരു ബൂത്തിലെ പുറത്തുവന്ന കള്ളവോട്ട് ദൃശ്യവും, സംഭവം സ്ഥിരീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കുന്ന നടപടികളെയും തുടർന്ന് പ്രതിരോധത്തിലായ സി.പി.എം അതേ നാണയത്തിൽ തിരിച്ചടിക്കാൻ തയാറെടുക്കുന്നു. കാസർകോട് പാർലമെന്റ് മണ്ഡലത്തിൽപെട്ട കണ്ണൂർ ജില്ലയിലെ പിലാത്തറ യു.പി സ്കൂളിലെ പത്തൊൻപതാം നമ്പർ ബൂത്തിൽ സി.പി.എം പഞ്ചായത്ത് അംഗവും മുൻ അംഗവും മറ്റൊരാളും കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സംഭവം ശരിയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥിരീകരിക്കുകയും പ‌ഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കാൻ ശുപാർശ ചെയ്യുകയും ചെയ്തതോടെ സി.പി.എം പ്രതിരോധത്തിലാണ്. അതേ നാണയത്തിൽ യു.ഡി.എഫിന് മറുപടി പറായാനുള്ള തയ്യാറെടുപ്പിലാണ് സി.പി.എം.

മുസ്ലിംലീഗ് ശക്തികേന്ദ്രങ്ങളായ കാസർകോട് മണ്ഡലത്തിൽപെട്ട കണ്ണൂർ ജില്ലയിലെ മാടായി പഞ്ചായത്തിലും കാസർകോട് ജില്ലയിലെ ഉദുമയിലെ ചില ബൂത്തുകളിലും നടന്ന കള്ളവോട്ടിന്റെ വിവരങ്ങൾ സി.പി.എം ശേഖരിച്ചു. ഇതിൽ മാടായിയിൽ കള്ളവോട്ട് ദൃശ്യങ്ങൾ ഇന്നലെ ചാനലുകൾ വഴി പുറത്തുവിടുകയും ചെയ്തു. കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് ആരോപണവുമായി എൽ.ഡി.എഫും രംഗത്തു വന്നതോടെ കള്ളവോട്ട് വിവാദം കൊഴുക്കുകയാണ്.

ഉദുമയിലെ യു.ഡി.എഫിന്റെ ശക്തി കേന്ദ്രത്തിൽ വിദേശത്തായിരുന്നവരുടെ പേരിൽ വ്യാപകമായി കള്ളവോട്ട് രേഖപ്പെടുത്തിയെന്നാണ് സി.പി.എം ആരോപണം. ഉദുമ നിയോജക മണ്ഡലത്തിലെ 126 ാം ബൂത്തിലെ 313 ാം വോട്ടർ അബൂബക്കർ സിദ്ദീഖ്, 315 ാം വോട്ടർ ഉമ്മർ ഫാറൂഖ്, 1091 ാം വോട്ടർ ഫവാദ്, 1100 ാം വോട്ടർ സുഹൈൽ 1168 ാം വോട്ടർ ഇംതിയാസ് എന്നിവർ നിലവിൽ വിദേശത്താണുള്ളത്. എന്നാൽ ഇവരുടെ പേരിൽ വോട്ട് രേഖപ്പെടുത്തിയെന്നാണ് സി.പി.എം ആരോപിക്കുന്നത്. 125 ാം ബൂത്തിൽ വോട്ടർ പട്ടികയിൽ പേരില്ലാത്തവർ വോട്ട് രേഖപ്പെടുത്തിയതായും പരാതിയുണ്ട്.

മണ്ഡലത്തിൽ യു.ഡി.എഫും ബി.ജെ.പിയും ചെയ്ത കള്ളവോട്ടുകളുടെ കണക്കെടുക്കാൻ പ്രാദേശിക ഘടകങ്ങൾക്ക് ഇടതു മുന്നണി നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ചതിന് ശേഷം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകാനാണ് സി.പി.എം നീക്കം. കാസർകോട് മണ്ഡലത്തിൽ 110 ബൂത്തുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇവിടങ്ങളിൽ വീണ്ടും വോട്ടിംഗ് നടത്തണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് പരാതി നൽകിയിരുന്നു. ഇതിന് പിറകെയാണ് ആരോപണവുമായി എൽ.ഡി.എഫും രംഗത്തെത്തുന്നത്.

തളിപ്പറമ്പ് കീഴാറ്റൂർ സ്കൂളിൽ നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങളാണ് ആദ്യം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. വയൽകിളികൾ സമര നേതാവ് സുരേഷ് കീഴാറ്റൂരാണ് പോസ്റ്റിട്ടത്. ഇതിന്റെ വൈരാഗ്യം തീർക്കാൻ സി.പി.എം പ്രവർത്തകരായ നൂറ്റി അമ്പതോളം വരുന്ന ആളുകൾ സുരേഷിന്റെ വീട് ആക്രമിക്കുകയും ചെയ്തതായി ആരോപണമുണ്ടായിരുന്നു.