കൊച്ചി: കേരളത്തിൽ ചാവേർ സ്‌ഫോടം നടത്താൻ പദ്ധതിയിട്ട കേസിൽ ദേശിയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത പാലക്കാട് കൊല്ലംകോട് അക്ഷയ നഗറിൽ റിയാസ് അബൂബക്കറിന്റെ (28) മൊഴി പുറത്ത്. പുതുവത്സര ദിനത്തിൽ കൊച്ചിയുൾപ്പടെ വിദേശ വിനോദ സഞ്ചാരികൾ കൂടുതലായെത്തുന്ന കേന്ദ്രങ്ങളിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് ഇയാൾ എൻ.ഐ.എ ഉദ്യോഗസ്ഥർക്ക് മുന്നിൽ വെളിപ്പെടുത്തിയത്. കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും ഐസിസിൽ എത്തിയ മലയാളികളാണ് കേരളത്തിൽ ചാവേർ ആക്രമണത്തിന് നിർദ്ദേശം നൽകിയത്. ഇക്കാര്യം ഒപ്പമുള്ളവരെ അറിയിച്ചെങ്കിലും ആരും സഹകരിച്ചില്ല. ഇതോടെയാണ് പുതുവത്സര ദിനത്തിലെ പദ്ധതി നടക്കാതെ പോയതെന്നും സ്‌ഫോടക വസ്തുക്കൾ ശേഖരിച്ച് സ്വയം ചാവേറാകാനുള്ള ഒരുക്കത്തിനിടെയാണ് പിടിയിലാതെന്നുമാണ് റിസാസ് മൊഴി നൽകിയിട്ടുള്ളത്.
12മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുണ്ടായത്. റിയാസിനെ ഇന്ന് ഉച്ചയോടെ കൊച്ചിയിലെ എൻ.ഐ.എ പ്രത്യേക കോടതിയിൽ ഹാജരാക്കും. രണ്ട് ദിവസം കസ്റ്റഡിയിലായിരുന്ന ഇയാളുടെ അറസ്റ്റ് ഇന്നലെയാണ് രേഖപ്പെടുത്തിയത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തിയ കുറ്റപ്രകാരമാണ് അറസ്റ്റ്. ശ്രീലങ്കൻ ഭീകരൻ സഹ്റാന്റെ പ്രഭാഷണങ്ങളും വീഡിയോകളും കഴിഞ്ഞ ഒരു വർഷമായി റിയാസ് പിന്തുടരുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഐസിസിൽ ചേർന്ന കാസർകോട് സ്വദേശി അബ്ദുൾ റാഷീദുമായി ഇയാൾ അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്. വളപട്ടണം ഐസിസ് കേസിൽ പ്രതിയും സിറിയയിൽ കഴിയുന്ന അബ്ദുൾ ഖയൂം എന്നയാളുമായി നിരന്തരം ഓൺലൈൻ ചാറ്റും നടത്തിയിരുന്നതായി റിയാസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള മറ്റ് നാലു പേരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
ശ്രീലങ്കയിലെ ചാവേർ സ്ഫോടനങ്ങളുടെ മുഖ്യസൂത്രധാരനും നാഷണൽ തൗഹിദ് ജമാ അത്ത് നേതാവുമായിരുന്ന സഹ്റാൻ ഹാഷിമിന്റെ ആശയങ്ങളുമായി ചേർന്ന് കേരളത്തിലും തമിഴ്നാട്ടിലും മുപ്പതിലധികം ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 20 ലക്ഷം പേർ അംഗങ്ങളാണെന്നാണ് ഇവരുടെ അവകാശവാദം. സഹ്റാൻ കേരളത്തിലുൾപ്പെടെ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരശേഖരണം എൻ.ഐ.എ ആരംഭിച്ചു. അന്വേഷണത്തിന് നേതൃത്വം നൽകാൻ എൻ.ഐ.എ ഐ.ജി അലോക് മിത്തൽ കൊച്ചിയിലെത്തി. കേന്ദ്ര ഇന്റലിജൻസ് ഏജൻസി, റോ എന്നിവരുടെ പ്രത്യേക സംഘവും കൊച്ചിയിലുണ്ട്.
അതേസമയം, റിയാസ് അബൂബക്കർ ചാവേർ സ്ഫോടനം നടത്താൻ പദ്ധതിയിട്ടെന്ന് എൻ.ഐ.എ കണ്ടത്തിയതിന് പിന്നാലെ കൊച്ചിയുൾപ്പടെ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചു. കൊച്ചിയിലെ ഹോട്ടലുകളിലും മാളുകളിലും സുരക്ഷാജോലികൾ നോക്കുന്ന ജീവനക്കാർക്ക് കഴിഞ്ഞ ദിവസം പ്രത്യേക പരിശീലനം നൽകിയിരുന്നു. ആധുനിക തരത്തിലുള്ള സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും അവയുടെ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനുമായിരുന്നു പരിശീലനം. കൊച്ചി സിറ്റി കമ്മീഷണർ എസ്. സുരേന്ദ്രന്റെ പ്രത്യേക നിർദ്ദേശ പ്രകാരം പൊലീസിന്റെ ബോംബ് ഡിറ്റക്റ്റിംഗ് സ്‌ക്വാഡാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. ഭീകരർ കൊച്ചിയെ ലക്ഷ്യമിടാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ, ഫോർട്ടുകൊച്ചിയിലെ ഹോംസ്റ്റേകളും ഹോട്ടലുകളും അതീവ ജാഗ്രത പാലിക്കണമെന്നാണ് പൊലീസിന്റെ നിദ്ദേശം. ഹോംസ്റ്റേകളിലും ഹോട്ടലുകളിലും താമസിക്കുന്നവരെ സംബന്ധിച്ചു ദിവസവും വിവരം നൽകണമെന്നും റിപ്പോർട്ട് നൽകാത്ത ഹോം സ്റ്റേകളും ഹോട്ടലുകളും റെയ്ഡ് നടത്താനുമാണ് പൊലീസ് തീരുമാനം.