isis

കൊല്ലം: ഭീകര സംഘടനയായ ഐസിസ് ബന്ധത്തിന്റെ പേരിൽ കൊല്ലം ചാത്തിനാംകുളം സ്വദേശിയും നിരീക്ഷണത്തിൽ. ശ്രീലങ്കൻ ചാവേർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ അന്വേഷണ ഏജൻസി കസ്‌റ്റഡിയിലെടുത്ത പാലക്കാട് മുതലമട സ്വദേശി റിയാസ് അബൂബക്കറിന്റെ അടുത്ത സുഹൃത്താണ് ചാത്തിനാംകുളം സ്വദേശിയെന്ന് കൊല്ലം സിറ്റി പൊലീസിനും രഹസ്യാന്വേഷണ ഏജൻസികൾക്കും ഇന്നലെ വിവരം ലഭിച്ചു. റിയാസ് അബൂബക്കറിനെ ചോദ്യം ചെയ്‌തപ്പോൾ ലഭിച്ച പല വിവരങ്ങളിൽ ഒന്നാണ് ചാത്തിനാംകുളം സ്വദേശിയുമായുുള്ള ബന്ധം വെളിവായത്.

തുടർന്ന് ഇന്നലെ ചാത്തിനാംകുളത്തെ യുവാവിന്റെ കുടംബ വീട് പരിശോധിച്ചപ്പോൾ ഇദ്ദേഹം ഗൾഫിലാണെന്ന വിവരമാണ് ലഭിച്ചത്. ഒരു വർഷം മുമ്പാണ് യുവാവ് ഏറ്റവും ഒടുവിലായി കേരളത്തിലെത്തി മടങ്ങിയത്.കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ നിന്ന് വിവാഹം ചെയ്‌ത ഈ യുവാവ് വിരളമായിട്ടെ കൊല്ലത്ത് വരാറുള്ളുവെന്ന് ബന്ധുക്കൾ രഹസ്യാന്വേഷണ വിഭാഗത്തിന് മൊഴി നൽകി. എട്ട് വർഷം മുമ്പ് കിളികൊല്ലൂ‌ർ പൊലീസ് സ്‌‌റ്റേഷൻ അതിർത്തിയിൽ ഈ യുവാവ് വധശ്രം ഉൾപ്പടെ എട്ട് കേസുകളിൽ പ്രതിയായെന്നാണ് ലോക്കൽ പൊലീസ് പറയുന്നത്. ഇപ്പോൾ ആരോപിക്കുന്ന തീവ്രവാദ ബന്ധം വിവാഹത്തിന് ശേഷം കണ്ണൂർ ബന്ധങ്ങളിലൂടെ ഉണ്ടായതാകാമെന്നും പൊലീസ് സംശിക്കുന്നു.

ചന്ദനത്തോപ്പിലെ വീട് പരിശോധിച്ച് പാസ്‌പോർട്ട് നമ്പർ ശേഖരിച്ച പൊലീസ് ദേശീയ അന്വേഷണ ഏജൻസിക്ക് ഇന്നലെ തന്നെ വിവരങ്ങൾ കൈമാറി. വിദേശത്ത് യുവാവ് താമസിക്കുന്ന സ്ഥലം കണ്ടെത്തി അവിടെ വച്ച് തന്നെ ചോദ്യം ചെയ്യാനാണ് ദേശീയ അന്വേഷണ ഏജൻസിയുടെ നീക്കം. റിയാസ് അബൂബക്ക‍ർ കേരളത്തിൽ ചാവേ‍ർ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി വിവരം പുറത്ത് വന്നെങ്കിലും ഈ ഗൂഢാലോചനയിൽ കൊല്ലം സ്വദേശിക്ക് ഏതെങ്കിലും തരത്തിലുള്ള പങ്കുള്ളതായി സ്ഥിരീകരിച്ചിട്ടില്ല.

ചാത്തിനാംകുളം സ്വദേശിയായ ഈ യുവാവ് കൂടുതൽ കേസുകളിൽ കിളികൊല്ലൂർ പൊലീസിൽ പ്രതിയായതോടെ നേരത്തെ കുണ്ടറ പൊലീസ് അതിർത്തിയിലെ ചന്ദനത്തോപ്പിൽ കുറെ നാൾ വാടകയ്‌‌ക്ക് താമസിച്ചിരുന്നു. തുടർന്നാണ് വിവാഹിതനായി കണ്ണൂരിലേക്കും പിന്നീട് ഗൾഫിലേക്കും പോയത്.

കേരളത്തിലെ ഐസിസ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ദമ്പതികൾ, 21 മലയാളികളെ ഐസിസിൽ ചേർത്തത് പീസ് സ്‌കൂളിലെ മുൻ ജീവനക്കാരൻ