crime

കോട്ടയം: ഇസ്രയേലിലേയ്ക്ക് നൽകിയ വിസിറ്റിംഗ് വിസ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോട്ടയത്ത് പ്രവർത്തിക്കുന്ന ഫോണിക്സ് കൺസൾട്ടൻസി ഓഫീസിലും സ്ഥാപന ഉടമ കൈപ്പുഴ ഇടമറ്റം റോബിൻ മാത്യുവിന്റെ വീട്ടിലും പൊലീസ് റെയ്ഡ്. പരിശോധനയിൽ 85 പാസ്പോർട്ടുകളും മറ്റ് രേഖകളും പിടിച്ചെടുത്തു. തട്ടിപ്പിനിരയായവരിൽ ചിലർ കഴിഞ്ഞദിവസം കോട്ടയം ജില്ലാ പൊലീസ് ചീഫ് ഹരിശങ്കറിന് പരാതി നല്കിയിരുന്നു. 250 പേരിൽ നിന്നായി നാലു കോടിയിലധികം രൂപ ഇയാൾ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. വിവരം മണത്തറിഞ്ഞ സ്ഥാപന ഉടമ റോബിൻ മുങ്ങി. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഓൺലൈൻ മാധ്യമങ്ങളിലൂടെ വിദേശജോലി വാഗ്ദാനം ചെയ്താണ് ഉദ്യോഗാർത്ഥികളെ ഇയാൾ ആകർഷിച്ചത്.

കോട്ടയം, ആലപ്പുഴ, കണ്ണൂർ, പാലക്കാട്, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളിൽ നിന്നുള്ളവരാണ് തട്ടിപ്പിന് ഇരയായവരിൽ ഏറെയും. റോബിനെ കൂടാതെ ജീവനക്കാരായ ജയിംസ്, നവീൻ എന്നിവരെയും പ്രതികളാക്കി ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇസ്രായേൽ, ചെക്ക് റിപ്പബ്ലിക്ക്, യു.എസ്.എ, കാനഡ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഒരു ലക്ഷം മുതൽ എട്ടു ലക്ഷം രൂപ വരെ ഓരോരുത്തവരിൽ നിന്നും വാങ്ങിയിരുന്നു.

രണ്ടു വർഷം മുൻപ് കോട്ടയം നഗരത്തിൽ ആരംഭിച്ച ഫീനിക്സ് കൺസൾട്ടൻസി ആന്റ് ട്രാവൽ ഏജൻസി അഞ്ചു മാസം മുൻപാണ് എസ്.എച്ച് മൗണ്ടിലേയ്ക്ക് മാറ്റിയത്. ആറു മാസത്തെ വിസിറ്റിംഗ് വിസയും ജോലിയും നൽകുമെന്നായിരുന്നു വാഗ്ദാനം. സ്ഥാപനത്തിന് സമീപത്തുള്ള ആഡംബര വീട് തന്റെതാണെന്നാണ് പ്രതി ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്നത്.