drug

കൊച്ചി: മയക്ക് മരുന്ന് വിപണന മാഫിയയിലെ പ്രധാന കണ്ണികളായ രണ്ട് യുവാക്കളെ ലഹരി ഗുളികകളുമായി ആലുവ റേഞ്ച് എക്‌സൈസ് അറസ്റ്റ് ചെയ്തു. ആലുവ കടുങ്ങല്ലൂർ, നാൽപത്പറ കരയിൽ, ചാമുണ്ഡി എന്ന ശിവ പ്രസാദ് (20), ആലുവ കണിയാംകുന്ന് കരയിൽ ജൂനിയർ റാംബോ എന്ന മൻവിൻ (22) എന്നിവരാണ് അറസ്റ്റിലായത്. ആലുവ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.കെ ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ ടീം പിടികൂടിയത്. മാനസിക വിഭ്രാന്തി നേരിടുന്നവർക്ക് സമാശ്വസത്തിനായി നൽകുന്ന നൈട്രോസഫാം ടാബ്ലറ്റുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ഇവരുടെ പക്കൽ നിന്ന് 90 ഗുളികകൾ പിടിച്ചെടുത്തു.

തമിഴ്‌നാട്ടിലെ സേലത്തു നിന്ന് 10 എണ്ണം അടങ്ങിയ ഒരു സ്ട്രിപ്പ് ലഹരി ഗുളിക 100 രൂപയ്ക്ക് വൻതോതിൽ വാങ്ങുന്ന ഇവർ ആലുവയിലും പരിസരങ്ങളിലും ഇത് 500 രൂപയ്ക്ക് ആവശ്യക്കാർക്ക് മറിച്ച് വിറ്റഴിക്കുകയാണ് ചെയ്തിരുന്നത്. ആവശ്യക്കാർ പറയുന്ന സ്ഥലങ്ങളിൽ സാധനം എത്തിച്ച് കൊടുക്കുന്നതിനാൽ വിദ്യാർത്ഥിനികൾ മുതൽ വീട്ടമ്മമാർ വരെ ഇവരുടെ ഉപഭോക്താക്കളാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ഏറെ നാളുകളായി മയക്ക് മരുന്ന് വിപണത്തിൽ ഇരുവരും പങ്കാളികൾ ആണെങ്കിലും ഒരുമിച്ച് പിടിയിലാകുന്നത് ഇത് ആദ്യമാണ്. ഗുളികകൾ കഴിച്ച് കഴിഞ്ഞാൽ എച്ച്.ഡി വിഷനിൽ വിവിധ വർണങ്ങളിൽ കാഴ്ചകൾ കാണാൻ കഴിയുമെന്നും കണ്ണുകൾക്ക് കൂടുതൽ തെളിച്ചം കിട്ടുമെന്നും കൂടുതൽ സമയം ഉൻമേഷത്തോടെ പ്രവർത്തിക്കാൻ കഴിയുമെന്നും ചോദ്യം ചെയ്യലിൽ ഇരുവരും പറഞ്ഞു.

ഉപഭോക്താക്കൾക്കിടയിൽ പടയപ്പ, ബട്ടൺ എന്നീ വിളിപ്പേരുകളാണ് ഇവയ്ക്കുള്ളത്. കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളേക്കാൾ എളുപ്പത്തിൽ ഇവ കൈകാര്യം ചെയ്യാൻ കഴിയും എന്നതിനാലാണ് ചെറുപ്പക്കാർ ഇത്തരം ലഹരിയിലേക്ക് തിരിയുന്നതിന്റെ പ്രധാന കാരണമെന്നും അധികൃതർ പറയുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇവർ ഇരുവരും ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. ആലുവ ബാങ്ക് ജംഗ്ഷന് സമീപം ആവശ്യക്കാരെ കാത്ത് സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന ഇരുവരേയും ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീം പിടികൂടുകയായിരുന്നു.


ആഡംബര ജീവിതത്തിന് പണം കണ്ടെത്തുന്നതിനും ഉന്മാദ ലഹരിയിൽ ജീവിക്കുന്നതിനും വേണ്ടിയാണ് പ്രതികൾ മയക്ക് മരുന്ന് വില്പന നടത്തിയിരുന്നതെന്ന് ഇൻസ്‌പെക്ടർ ടി.കെ. ഗോപി പറഞ്ഞു. 40 നൈട്രോസെഫാം ഗുളികകൾ കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ്. തമിഴ്‌നാട് സേലം കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നണ്ടെന്നും നിരവധി യുവാക്കൾ മയക്ക് മരുന്നുകൾ വാങ്ങാൻ ഇവിടെ എത്താറുണ്ടെന്നും ഇരുവരും പറഞ്ഞു. പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്‌പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൻ, പ്രിവന്റീവ് ഓഫീസർ അബ്ദുൾ കരീം, സജീവ് കുമാർ, ഷാഡോ ടീമംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജിബിൽ, നീതു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ആലുവ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.