തിരുവനന്തപുരം: കൊടുംകുറ്റകൃത്യങ്ങളുടെ അന്വേഷണമികവിന്, നാലുവട്ടം ബാഡ്‌ജ് ഒഫ് ഓണർ നേടിയ സംസ്ഥാനത്തെ ഏക എസ്.ഐ, അന്വേഷിച്ച പല പ്രമാദമായ കേസുകളിലെയും പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിലെ സബ് ഇൻസ്പെക്ടറായിരുന്ന സി. മോഹനന്‍ ഇപ്പോഴും ചേരുന്ന പേര്, 'കേരള പൊലീസിലെ ഷെർലക് ഹോംസ് ' എന്നാണ്. അന്വേഷണ മികവിനുള്ള പുരസ്കാരങ്ങൾ വിരമിച്ച ശേഷവും മോഹനനെ തേടിയെത്തുകയാണ്.
കോവളം കോളിയൂരിൽ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭാര്യയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിക്ക് വധശിക്ഷ ഉറപ്പാക്കിയ ശ്രമകരമായ അന്വേഷണത്തിന് പതിനായിരം രൂപയും പൊലീസ് മേധാവിയുടെ പ്രശംസാപത്രവും നൽകാൻ ഉത്തരവിറങ്ങി. ആയിരം രൂപയാണ് പൊലീസിലെ കാഷ് അവാർഡ്. അപൂർവമായി രണ്ടായിരം. എന്നാൽ പതിനായിരം രൂപയുടെ അവാർഡ് ലഭിക്കുന്നത് ഇതാദ്യം. 1981 മുതൽ 36 വർഷത്തെ പൊലീസ് കാലത്ത് കുറ്റാന്വേഷണം മാത്രമായിരുന്നു മോഹനന്റെ വഴി. 2017 ലാണ് വിരമിക്കുന്നത്. തിരുവനന്തപുരം ആനയറയിലെ വീട്ടിലിരുന്ന് മോഹനൻ വിശേഷങ്ങൾ ഓർത്തെടുക്കുകയാണ്.
നാല് കേസുകളിൽ പ്രതികൾക്ക് ഉയർന്ന ശിക്ഷ വാങ്ങിനൽകിയ അന്വേഷണ മികവിനായിരുന്നു തുടർച്ചയായ ബാഡ്ജ് ഒഫ് ഓണറുകൾ. വിമാനത്താവളത്തിലെ അഴിമതി കണ്ടെത്തിയതിന് സെക്യൂരിറ്റി ചീഫ് മാനേജർ സുഖ്ദേവ്സിംഗ് ഭട്ടാചാര്യയ്ക്ക് നേരെ സൾഫ്യൂരിക്കാസിഡ് ഒഴിച്ച കേസിലെ അന്വേഷണത്തിന് ആദ്യ ബാഡ്ജ് ഒഫ് ഓണർ.
എട്ട് ഉത്തരേന്ത്യക്കാർ ചേർന്ന് കണ്ണമ്മൂലയിലെ വീട്ടമ്മയെ കെട്ടിയിട്ട് ബെൻസ് കാറും പത്തുലക്ഷവും സ്വർണവും കൊള്ളയടിച്ച കേസിൽ, പ്രതികളെ മഹാരാഷ്ട്രയിലെ അവരുടെ താവളത്തിലെത്തി അതിസാഹസികമായി പിടികൂടിയതിന് രണ്ടാമത്തേത്. തലസ്ഥാന നഗരത്തിലെ സ്കൂളിനടുത്തുനിന്ന് ടെക്നോപാർക്ക് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി എ.ടി.എം കൊള്ളയടിച്ച കേസിലെ പ്രതികളെ പിടികൂടിയതിന് മൂന്നാമത്തേത്. സൗദി അറേബ്യയിൽ വ്യവസായിയായിരുന്ന വർക്കലയിലെ സലീമിനെ വെട്ടിനുറുക്കി വളക്കുഴിയിൽ തള്ളിയ കേസിലെ മുഖ്യപ്രതിക്ക് വധശിക്ഷ വാങ്ങിനൽകിയതിന് നാലാമത്തെ ബാഡ്ജ് ഒഫ് ഓണർ. തീർന്നില്ല മോഹനൻ അന്വേഷിച്ച അട്ടക്കുളങ്ങര കബീർ വധക്കേസ്, ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് എന്നിവയിലെ പ്രതികളെയും വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും രാഷ്ട്രപതിയുടെ വിശിഷ്ടസേവന മെഡലും ലഭിച്ചിട്ടുണ്ട്.
ഗുണ്ടകളുടെ ഭീഷണി; മൂന്ന്
വർഷം പൊലീസ് കാവൽ
മിടുക്ക് തെളിയിച്ച മോഹനന് പല ഗുണ്ടാസംഘങ്ങളുടെയും ഭീഷണിയുണ്ടായിരുന്നു. ഹെഡ്കോൺസ്റ്റബിളായിരുന്നപ്പോൾ മോഹനന് മൂന്നുവർഷം സർക്കാർ തോക്കും രണ്ട് ഗൺമാൻമാരെയും നൽകി. രണ്ടുവർഷക്കാലം വീടിന് സായുധകാവലുണ്ടായിരുന്നു. ഭാര്യയെ അവരുടെ വീട്ടിലാക്കി പൊലീസ് സ്റ്റേഷനിലായിരുന്നു അക്കാലത്ത് താമസം.
രാഷ്ട്രപതിയുടെ മെഡലും
രാഷ്ട്രപതിയുടെ വിശിഷ്ടസേവന മെഡൽ 2011ൽ നേടുമ്പോഴേക്കും, അന്വേഷണമികവിന് 200 റിവാർഡുകളും കാഷ് അവാർഡുകളും മോഹനനെ തേടി എത്തിയിരുന്നു. കുറ്റാന്വേഷണത്തിലെ സമഗ്രതയ്ക്കായിരുന്നു രാഷ്ട്രപതിയുടെ മെഡൽ. അന്വേഷണ അനുഭവങ്ങൾ 'കണ്ണാടി' എന്നപേരിൽ ഒരു പുസ്തകമാക്കി ഇറക്കിയിട്ടുണ്ട്. കുറ്റകൃത്യങ്ങൾ തെളിയിക്കാനുള്ള വഴികൾ വിവരിക്കുന്ന അടുത്തപുസ്തകം ഉടനിറങ്ങും. 36 വർഷത്തിനിടെ ഒരുദിവസം പോലും ഏൺഡ് ലീവോ മെഡിക്കൽലീവോ എടുത്തില്ല. വിവാഹത്തിന് ഒരാഴ്ചത്തെ കാഷ്വൽലീവ് മാത്രം.