എറണാകുളം ജില്ലയിലെ പറവൂർ ഏഴിക്കര സ്വദേശി ഷൈല എന്ന വീട്ടമ്മ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പരാതിയുമായി തൃക്കാക്കര കളക്ടറേറ്റിൽ പകലന്തിയോളം ക്യൂനിൽക്കുന്ന സമയത്താണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനം അവലോകനം ചെയ്യാനുള്ള ഉന്നതതലയോഗം നടന്നത്. പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമ്മാണവും അറ്റകുറ്റപ്പണിയും സംബന്ധിച്ച പരാതികളിൽ മേയ് മാസം തന്നെ തീർപ്പുണ്ടാക്കി സഹായം നൽകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിക്കുകയുണ്ടായി. പ്രളയത്തിൽ തകർന്ന റോഡുകൾ മഴയ്ക്കു മുൻപു തന്നെ പുനർ നിർമ്മിച്ച് സഞ്ചാരയോഗ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി സർക്കാർ ലോക ബാങ്കിന്റെ സഹായം പ്രതീക്ഷിക്കുന്നുണ്ട്. 3596 കോടി രൂപയുടെ വായ്പ ജൂൺ അവസാനം ചേരുന്ന ലോക ബാങ്ക് ബോർഡ് യോഗം പാസാക്കുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം സംസ്ഥാന സർക്കാരും 1541 കോടി രൂപ ചെലവഴിക്കും. നടപ്പു സാമ്പത്തിക വർഷം 5137 കോടി രൂപ പുനർ നിർമ്മാണ പ്രവൃത്തികൾക്കായി വിനിയോഗിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. പ്രതീക്ഷ പകരുന്ന കാര്യങ്ങളാണിതൊക്കെ. അതേസമയം പ്രളയത്തിൽ യാതന അനുഭവിക്കേണ്ടി വന്നവരിൽ അനേകം പേർ ഇപ്പോഴും സഹായത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങിക്കൊണ്ടിരിക്കുകയാണ്. സെക്രട്ടേറിയറ്റിൽ നടന്ന അവലോകന യോഗത്തിൽ ദുരിതബാധിതരുടെ പരാതികൾ ഇനി വച്ചുനീട്ടിക്കൊണ്ടുപോകരുതെന്നു മുഖ്യമന്ത്രിക്കു നിർദ്ദേശം പുറപ്പെടുവിക്കേണ്ടിവന്നത് ചുവപ്പുനാടയുടെ എളുപ്പം അഴിക്കാനാകാത്ത കെട്ടു പാടുകൾ മനസിൽ വച്ചുകൊണ്ടാകണം. സർവതും തകർത്തെറിഞ്ഞ പ്രളയദുരന്തമുണ്ടായിട്ട് ഒൻപതു മാസമാകുന്നു. അടുത്ത മഴക്കാലം പടിവാതിലിലെത്തി നിൽക്കുന്നു. കഴിഞ്ഞ പ്രളയത്തിൽ കിടപ്പാടം ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ടവരിൽ കുറെയധികം പേർ ഇപ്പോഴും നിരാലംബരായി കഴിയുന്നുണ്ട്. സഹായധനത്തിനായുള്ള അപേക്ഷ നൽകി കാത്തിരിക്കുന്നവർ അനവധിയാണ്. സഹായാപേക്ഷകളിൽ തീരുമാനം വൈകുന്നത് എത്രമാത്രം സങ്കടകരമാണെന്നു പറയേണ്ടതില്ല. സർക്കാർ ഓഫീസുകളിലെ നടപടിക്രമങ്ങളുടെ നൂലാമാലകളിൽപെട്ട് തീരുമാനം വൈകുന്തോറും ദുരിതബാധിതരുടെ ആധി വർദ്ധിക്കുകയാണ്. ദുരന്ത പുനരധിവാസ പ്രവർത്തനങ്ങളിൽ കാലതാമസമരുതെന്നും മാനുഷിക പരിഗണനയോടെ വേണം അപേക്ഷകൾ കൈകാര്യം ചെയ്യാനെന്നും തുടക്കത്തിൽത്തന്നെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണാധികാരികൾ കർശന നിർദ്ദേശം നൽകിയിരുന്നതാണ്. ബധിര കർണങ്ങളിലാണ് അത് പതിച്ചതെന്നതിനു തെളിവാണ് താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലുമൊക്കെ ഇപ്പോഴും കാണുന്ന ദുരിതബാധിതരുടെ നീണ്ട ക്യൂ. പൊതുതിരഞ്ഞെടുപ്പ് ഇടയ്ക്കു കടന്നുവന്നത് കൂടുതൽ വിനയായി. സർക്കാർ ഓഫീസുകളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമല്ലെങ്കിലും തിരഞ്ഞെടുപ്പ് മറയാക്കി എല്ലാം മാറ്റിവയ്ക്കുന്ന പ്രവണതയാണ് പൊതുവേ ദൃശ്യമായത്. ദുരിതാശ്വാസ സഹായത്തിനായുള്ള അപേക്ഷകൾ മേയ് മാസത്തിൽത്തന്നെ തീർപ്പാക്കണമെന്ന പുതിയ നിർദ്ദേശമെങ്കിലും ഫലവത്തായാൽ മതിയായിരുന്നു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാകുമ്പോഴാണ് സർക്കാരിന്റെ പ്രതിബദ്ധതയും ദുരിതബാധിതരോടുള്ള കനിവും പ്രകടമാകുന്നത്.
പ്രളയ ദുരിതാശ്വാസം ലഭിക്കുന്നതിന് എറണാകുളം കളക്ടറേറ്റിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചുമണിവരെ കാത്തുനിൽക്കുന്നതിനിടയിൽ കുഴഞ്ഞു വീണുപോയ ഷൈല എന്ന അൻപത്തിരണ്ടുകാരി ഇതേപോലെ ദുരിതമനുഭവിക്കുന്നവരിൽ ഒരാൾ മാത്രമാണ്. സഹായത്തുക വൈകുന്നതുമായി ബന്ധപ്പെട്ട് പരാതികളുമായെത്തുന്നവർക്ക് ടോക്കൺ നൽകി ദിവസം മുഴുവൻ വരി നിറുത്തുന്നത് കൊടും ക്രൂരതയാണ്. പ്രളയം കഴിഞ്ഞ് മാസങ്ങളായിട്ടും ആവശ്യമായ പരിശോധനകൾ പൂർത്തിയായിട്ടില്ലെന്നു വരുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയായേ കണക്കാക്കാനാവൂ. ഔദ്യോഗിക വീഴ്ചയ്ക്ക് ദുരിതബാധിതരെ വീണ്ടും കഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രളയകാലത്തു ദൃശ്യമായ അർപ്പണബോധവും ചുമതലാബോധവുമൊക്കെ പിന്നീട് നഷ്ടമായെന്നാണ് തോന്നുന്നത്. തിരഞ്ഞെടുപ്പ് ജോലിയൊക്കെ പൂർത്തിയായ സ്ഥിതിക്ക് പ്രളയ ദുരിതാശ്വാസ അപേക്ഷകൾ ഇനിയും വച്ചുതാമസിപ്പിക്കാതിരിക്കാൻ നടപടി ഉണ്ടാകണം. സഹാനുഭൂതിയോടെ വേണം അപേക്ഷകൾ കൈകാര്യം ചെയ്യാൻ. തെറ്റുകുറ്റങ്ങളുടെ പേരിലാകും പലപ്പോഴും അപേക്ഷകളിൽ തീരുമാനം വൈകുന്നത്. എളുപ്പം പരിഹാരം കാണാവുന്ന പ്രശ്നങ്ങളാണിതൊക്കെ. പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വിവരങ്ങൾ പല തലങ്ങളിൽ ശേഖരിച്ചിട്ടുള്ളതാണ്. സർക്കാരും ഉദ്യോഗസ്ഥന്മാരും സന്ദർഭത്തിനൊത്ത് ഉയർന്നു പ്രവർത്തിക്കുമ്പോഴാണ് ദുരിതവേളകളിൽ സമൂഹത്തിന് ആശ്വാസം ലഭിക്കുക. സർക്കാർ ഓഫീസിൽ എത്തുന്ന ഓരോ അപേക്ഷയിലും സഹായം തേടിയുള്ള ഓരോ മനുഷ്യന്റെ കദനകഥ കാണുമെന്ന് പറയാറുണ്ട്. പ്രളയ ദുരിതാശ്വാസ സഹായത്തിനു വേണ്ടിയുള്ള അപേക്ഷയാകുമ്പോൾ അത് കൂടുതൽ തീവ്രതയുള്ളതാകും. പതിവിൽ കവിഞ്ഞ പരിഗണന അർഹിക്കുന്നവയാണ് അത്തരം അപേക്ഷകൾ. സഹായത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് പ്രളയത്തെക്കാൾ വലിയ ദുരന്തമാകാതിരിക്കട്ടെ.