തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മൂന്നുകോടിയുടെ സ്വർണം കടത്താൻ ശ്രമിച്ച കരാർ ജീവനക്കാരനെ സി.ഐ.എസ്.എഫും കസ്റ്റംസും ചേർന്ന് പിടികൂടി. എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യയിൽ താത്‌കാലിക എ.സി മെക്കാനിക്കായ തിരുവനന്തപുരം കരിക്കകം സ്വദേശി അനീഷ് കുമാറാണ് (30) പിടിയിലായത്. ഇന്നലെ പുലർച്ചെ 3.30ന് ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരൻ കൊണ്ടുവന്ന 9.96 കി.ഗ്രാം സ്വർണം ശരീരത്തിലൊളിപ്പിച്ച് കടത്തുന്നതിനിടെയാണ് ഇടനിലക്കാരനായ അനീഷ് പിടിയിലായത്.
എയ്റോബ്രിഡ്‌ജിന് സമീപത്ത് നിന്നാണ് ഇയാൾക്ക് യാത്രക്കാരൻ സ്വർണം കൈമാറിയത്. കസ്റ്റംസ് പരിശോധനയില്ലാത്ത ഡിപ്പാർച്ചർ സൈഡിലെ ഡോറിലൂടെ പുറത്തേക്കിറങ്ങുന്നതിനിടെയാണ് അറസ്റ്റ്. എയർപോർട്ട് ജീവനക്കാർ കാരിയർമാരായി സ്വർണം കടത്തുന്നുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാചുമതലയുള്ള സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പിടിയിലായ ഉടൻ ബിസ്‌കറ്റ് രൂപത്തിലുള്ള ആറു കിലോ സ്വർണം വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച് ഓടാൻ ശ്രമിച്ച അനീഷിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടി. തുടർന്നുള്ള പരിശോധനയിലാണ് നാലു കിലോ സ്വർണം പാന്റിന്റെ പോക്കറ്റിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ച് കടത്തുന്നത് കണ്ടെത്തിയത്. ബിസ്‌കറ്റിന് പുറമേ മൊബൈൽ പൗച്ച്, പഴ്സ് എന്നിവയുടെ രൂപത്തിലുമാണ് സ്വർണം കടത്തിയത്.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ കൃഷ്ണേന്ദുവിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്‌തെങ്കിലും ആരാണ് സ്വർണം കൈമാറിയതെന്ന് അനീഷ് വെളിപ്പെടുത്തിയിട്ടില്ല. അതിനിടെ സ്വർണം കൈമാറിയ യാത്രക്കാരന്റെ ചിത്രം സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം കസ്റ്രംസ് തുടരുകയാണ്. സി.സി ടിവി പരിശോധനയിൽ ഏതാനും മാസങ്ങൾക്കിടെ ഏഴുതവണ അനീഷ് സ്വർണം കടത്തിയതായി കണ്ടെത്തി. എയർപോർട്ടിലെ എ.സികളുടെ മാത്രം മെക്കാനിക്കായ അനീഷ് എങ്ങനെ റൺവേയിലും ചെക്ക് ഇൻ സ്ഥലങ്ങളിലും പ്രവേശിച്ചുവെന്ന് കണ്ടെത്താൻ സുരക്ഷാ ഉദ്യോഗസ്ഥരെയും കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും.