atl30ab

ആ​റ്റിങ്ങൽ: ചിറയിൻകീഴ് റോഡിൽ പ്രവർത്തിക്കുന്ന വി.എസ് അസോസിയേ​റ്റ്‌സ് എന്ന വിദേശ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പണം തട്ടിയ ഇറാൻ സ്വദേശി സൊറാജുദ്ദീൻ ഹൈദറെ തെളിവെടുപ്പിനെത്തിച്ചു. കോതമംഗലം പൊലീസ് അറസ്​റ്റുചെയ‌്‌ത ഇയാൾ മൂവാ​റ്റുപുഴ ജയിലിൽ റിമാൻഡിലായിരുന്നു. ആ​റ്റിങ്ങൽ പൊലീസ് നൽകിയ അപേക്ഷയെ തുടർന്നാണ് ഇയാളെ കസ്​റ്റഡിയിൽ വിട്ടത്. ഇന്നലെ രാവിലെ 11ഓടെ പ്രതിയെ സ്ഥാപനത്തിലെത്തിച്ചു. ഇയാളെ സ്ഥാപനത്തിലെ ജീവനക്കാർ തിരിച്ചറിഞ്ഞു. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് എസ്.ഐ ശ്യാം പറഞ്ഞു. ആ​റ്റിങ്ങൽ പൊലീസ് അറസ്​റ്റ് ചെയ്‌ത ഹെൻഡാരി ഹൊസ്‌നയെ 26ന് തെളിവെടുപ്പിനെത്തിച്ചിരുന്നു. സൊറാജുദ്ദീൻ ഹൈദറും ഭാര്യ ഹെൻഡാരി ഹൊസ്‌നയും ചേർന്ന് 2018 സെപ്‌തംബറിലാണ് വി.എസ്. അസോസിയേ​റ്റ്‌സിൽ നിന്നും പണം തട്ടിയത്. വിദേശ കറൻസി മാറാനെന്ന വ്യാജേനെ എത്തിയ ഇരുവരും ചേർന്ന് സ്ഥാപനത്തിൽ നിന്ന് 1.55 ലക്ഷം രൂപയുടെ സൗദി റിയാലും കുവൈ​റ്റ് ദിനാറും മോഷ്ടിക്കുകയായിരുന്നു.