ശ്രീകാര്യം: നവോത്ഥാനത്തിന്റെ കാതലെന്താണെന്ന് മലയാളിയെയും ലോകത്തെയും പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെക്കുറിച്ച് ആഴത്തിലുള്ള ചർച്ചകൾക്ക് ഇന്ന് പ്രാധാന്യം ഏറി വരുകയാണെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് സംഘടിപ്പിച്ച ഗുരുകുല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വല്ലാതെ തെറ്റിദ്ധരിപ്പിക്കപ്പെട്ട പദമായി നവോത്ഥാനം മാറുന്ന സാഹചര്യമാണ് ഇന്നുള്ളത്. നവോത്ഥാനം ഒരു ദിവസത്തെ അനുഭവമല്ല. അയവിറക്കാനുള്ള ഓർമ്മകളുടെ കൂടാരവുമല്ല. ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കേണ്ട സാമൂഹികമായ പ്രക്രിയയാണത്. തന്റെ ആത്മീയത, ലൗകിക ജീവിതത്തിലെ പ്രശ്നങ്ങളോട് വിരക്തി പ്രകടിപ്പിക്കാനുള്ള ഒന്നാണെന്ന് ധരിക്കാതിരുന്നതാണ് ഗുരുവിന്റെ ഏറ്റവും വലിയ മഹത്വം. ആത്മീയതയുടെ കരുത്തുകൊണ്ട് തിന്മകളെ ചെറുക്കുക എന്നതാണ് ഗുരു നൽകിയ സന്ദേശം. ഗുരു ഇന്ന് ജീവിച്ചിരുന്നെങ്കിൽ, ഭൂതം കാക്കുന്ന നിധിപോലെ ക്ഷേത്രങ്ങളിൽ കാത്തുവച്ചിരിക്കുന്ന കോടികൾ, ലോകത്തെ ഏറ്റവും ആധുനിക വിദ്യാഭ്യാസം പുതുതലമുറയ്ക്ക് ലഭ്യമാക്കാൻ വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ടേനെയെന്നും സ്പീക്കർ പറഞ്ഞു. ഗുരുദർശനം ആഴത്തിൽ പഠിക്കാൻ ശ്രമിച്ചാൽ, ഗുരുവിന്റെ സ്വതന്ത്ര ചിന്തകളും ദർശനവും നമ്മെ തേടിയെത്തുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.
ഗുരു എനിക്ക് ദൈവം: പെരുമ്പടവം
വായനയും പഠനവും കൊണ്ട് ഗുരുവിനെ താൻ ദൈവമായി സ്വീകരിച്ചതായി മുഖ്യ പ്രഭാഷണം നടത്തിയ പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ പറഞ്ഞു. ഗുരുവിനെ വായിച്ച് പഠിക്കുക എളുപ്പമല്ല. ഒരു മഹാ സമുദ്രത്തിന്റെ വക്കിൽ പോയി നിന്ന് ഒരു കുടന്ന വെള്ളം കോരിക്കുടിച്ചിട്ട് താൻ സമുദ്രത്തെ കുടിച്ചുവെന്ന് പറയുന്നതുപോലെ അബദ്ധമാകും അത്. മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിക്കുകയും വിഭജിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ഒരു സംസ്കാരത്തെ സംസ്കാരമെന്ന് വിളിക്കാനാവില്ല. ആദി ശങ്കരന്റെ അദ്വൈതമല്ല തന്റേതെന്ന് ശ്രീനാരായണ ഗുരു പറഞ്ഞിരുന്നു. ശങ്കരനെക്കാൾ കൂടുതൽ അദ്വൈതം ചണ്ഡാളന് അറിയാമായിരുന്നുവെന്നാണ് തനിക്ക് മനസിലായതെന്നും പെരുമ്പടവം പറഞ്ഞു.
സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറഞ്ഞു. സ്വാമി യോഗേശാനന്ദ, ചെമ്പഴന്തി ശ്രീനാരായണ അന്തർദ്ദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ. എം.ആർ. യശോധരൻ, ഡോ. എം.എ. സിദ്ധിഖ്, ഷൈജു പവിത്രൻ, കൗൺസിലർമാരായ കെ.എസ്. ഷീല, സി. സുദർശനൻ തുടങ്ങിയവർ സംസാരിച്ചു.
ക്യാപ്‌ഷൻ: ചെമ്പഴന്തി ശ്രീനാരായണ ഗുരുകുല കൺവെൻഷൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി സാന്ദ്രാനന്ദ, പെരുമ്പടവം ശ്രീധരൻ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി യോഗേശാനന്ദ, ഡോ. എം.ആർ. യശോധരൻ, കെ.എസ്. ഷീല, സി. സുദർശനൻ, ഡോ. എം.എ. സിദ്ധിഖ്, ഷൈജു പവിത്രൻ തുടങ്ങിയവർ സമീപം