govt-medical-college-tvm

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെ.എച്ച്.ആർ.‌ഡബ്ലിയു.എസിന്റെ (കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി)​ നിയന്ത്രണത്തിലുള്ള കാത്ത് ലാബിൽ ഉപകരണങ്ങളെത്തിക്കുന്ന കമ്പനിക്ക് വൻതുക കുടിശിക വരുത്തിയതിനാൽ ഉപകരണങ്ങൾ എത്തിയില്ല. ഇതോടെ കാത്ത് ലാബിന്റെ പ്രവർത്തനം അവതാളത്തിലായി. കഴിഞ്ഞ ശനിയാഴ്ച മുതലാണ് ലാബിന്റെ പ്രവർത്തനം തടസപ്പെട്ടത്. ആൻജിയോഗ്രാമിനും ആൻജിയോപ്ലാസ്റ്റിക്കും തീയതി കുറിച്ചു കാത്തിരുന്ന ഹൃദ്രോഗികൾ ആശങ്കയിലായി.

ആവശ്യാനുസരണം മുൻകൂട്ടിയുള്ള ഓർ‌‌ഡർ അനുസരിച്ചാണ് ഉപകരണങ്ങൾ ലാബിലെത്തിക്കുന്നത്. ഉപകരണങ്ങൾക്കുള്ള പണം കാരുണ്യ അടക്കമുള്ള സർക്കാരിന്റെ വിവിധ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളിൽ നിന്ന് ഒരുമിച്ചാണ് ആശുപത്രി അക്കൗണ്ടിലേക്ക് അനുവദിക്കുന്നത്. ഇതിനുവന്ന കാലതാമസമാണ് ഉപകരണങ്ങളെത്താത്തതിന് പിന്നിൽ. ചില കമ്പനികളുടെ കരാർ കാലാവധി അവസാനിച്ചതാണു മറ്റൊരു കാരണം. ഇവർ നിരതദ്രവ്യമായി നൽകിയിരുന്ന തുക തിരിച്ചു നൽകിയിട്ടുമില്ല.

ഈ രണ്ടു കാരണങ്ങളും കാത്ത് ലാബ് പൂട്ടിയതിനെ തുടർന്നു കെ.എച്ച്.ആർ.ഡബ്ളിയു.എസ് എം.ഡിക്ക് നൽകിയ കത്തിൽ, കാർഡിയോളജി വിഭാഗം മേധാവി ഡോ. സുനിത വിശ്വനാഥൻ വ്യക്തമാക്കിയിട്ടുണ്ട്. ഉപകരണങ്ങൾ വാങ്ങാതെ കാത്ത് ലാബ് പൂട്ടേണ്ടി വന്ന സാഹചര്യം സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ആശുപത്രി വികസന സമിതിയുടെയും കെ.എച്ച്.ആർ.‌ഡബ്ലിയു.എസിന്റെയുമടക്കം രണ്ട് കാത്ത് ലാബുകളാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളത്.കെ.എച്ച്.ആർ. ഡബ്ളിയു.എസിന്റെ കാത്ത് ലാബിനെക്കാളും നിരക്ക് കൂടുതലാണിവിടെയെന്നും ആക്ഷേപമുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾ എന്തു ചെയ്യണമെന്നറിയാത്ത വിഷമിക്കുന്നു. എന്നു തുറക്കുമെന്ന് ആരാഞ്ഞ് അധികൃതരെ സമീപിക്കുന്നുണ്ടെങ്കിലും അവർക്കും വ്യക്തമായ മറുപടി നൽകാനാവുന്നില്ല.