parlament

തിരുവനന്തപുരം: വിവിധ മേഖലകളിൽ കുട്ടികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്‌ത ദ്വിദിന ജില്ലാതല ബാല പാർലമെന്റ് ശ്രദ്ധേയമായി. പഴയ നിയമസഭാ ഹാളിൽ നടന്ന ബാല പാർലമെന്റ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്‌തു. കുടുംബശ്രീ ജില്ലാമിഷൻ നടപ്പിലാക്കുന്ന ബാലസഭ പദ്ധതിയോടനുബന്ധിച്ചാണ് ബാല പാർലമെന്റ് സംഘടിപ്പിച്ചത്. കുട്ടികളുമായി സംവദിച്ച മന്ത്രി അവർക്കിടയിൽ നിന്നും പുതുതലമുറയിലെ പാർലമെന്റേറിയന്മാരെ കണ്ടെത്തി. ബി. സത്യൻ, എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാമിഷൻ കോ ഓർഡിനേറ്റർ ഡോ. കെ.ആർ. ഷൈജു മുഖ്യപ്രഭാഷണം നടത്തി. ആദ്യദിനം കുട്ടികൾക്ക് പ്രായോഗിക ക്ലാസും പരിശീലനവും രണ്ടാംദിവസം മോഡൽ പാർലമെന്റുമാണ് നടത്തിയത്. പാർലമെന്ററി സമ്പ്രദായം, ജനാധിപത്യഭരണം, ചരിത്രം എന്നീ വിഷയങ്ങളിൽ സക്കറിയ പി. സാമുവൽ (ഡെപ്യൂട്ടി സെക്രട്ടറി സി.പി.എസ്.റ്റി) ആദ്യദിനം ക്ലാസെടുത്തു. രാഷ്ട്രപതി, സ്‌പീക്കർ, മന്ത്രിസഭാ അംഗങ്ങൾ, പ്രതിപക്ഷ നേതാവ് എന്നിവരെ കുട്ടികൾക്കിടയിൽ നിന്നു കണ്ടെത്തി. വിദ്യാഭ്യാസം, ആരോഗ്യം, കുട്ടികളുടെ അവകാശം, സാമൂഹ്യനീതി, വനിത ശിശുക്ഷേമം, എസ്.സി /എസ്.ടി, കൃഷി, ജലസേചനം, പരിസ്ഥിതി, വനം, ഫിഷറീസ്, പൊതുമരാമത്ത്, ഗതാഗതം, ഭവനം, വൈദ്യുതി, ആഭ്യന്തരം എന്നീ പത്ത് മേഖലകളിൽ കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയും പ്രമേയമാക്കി അധികാരികൾക്ക് കൈമാറുന്നതിന് കരട് തയ്യാറാക്കുകയും ചെയ്‌തു. പാർലമെന്റ് നടത്തുന്ന എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചുകൊണ്ടാണ് ബാല പാർലമെന്റ് സംഘടിപ്പിച്ചത്.