skumar
ശ്രീകുമാർ

തൃശൂർ: മൊബൈൽ ഫോണിന്റെ മെമ്മറി കാർഡ് തിരികെ നൽകാത്ത വിരോധത്തിൽ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ‌ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പൂങ്കുന്നം എ.കെ.ജി നഗർ തോപ്പുംപറമ്പിൽ വീട്ടിൽ ശ്രീകുമാറിനെയാണ്‌ തൃശൂർ അഡിഷണൽ ജില്ലാ ജഡ്ജി നിസാർ അഹമ്മദ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവനുഭവിക്കണം. തൃശൂർ പി.ജി. സെന്ററിൽ ബിരുദ വിദ്യാർത്ഥിയായിരുന്ന പൂങ്കുന്നം എ.കെ.ജി നഗറിൽ വയൽപ്പാടി ലക്ഷ്മണന്റെ മകൻ അഭിലാഷിനെയാണ് അയൽവാസി കൂടിയായ ശ്രീകുമാർ കുത്തി കൊലപ്പെടുത്തിയത്.

മെമ്മറി കാർഡ് അപൂർവമായിരുന്ന 2011ലാണ് സംഭവം. സുഹൃത്തായ അഭിലാഷിന് ശ്രീകുമാർ നൽകിയ മെമ്മറി കാർഡ് പലതവണ തിരികെ ചോദിച്ചെങ്കിലും കിട്ടിയില്ല. കൈയിൽ നിന്ന് കാർഡ് നഷ്ടപ്പെട്ടതിനാൽ ഓരോ കാരണങ്ങൾ പറഞ്ഞ് അഭിലാഷ് ഒഴിഞ്ഞുമാറുന്നത് ശ്രീകുമാറിനെ പ്രകോപിപ്പിച്ചു. 2011 ഏപ്രിൽ 13 ന് രാത്രി 9.30 ന് സൈക്കിളിൽ വരികയായിരുന്ന അഭിലാഷിനെ തടഞ്ഞുനിറുത്തി ശ്രീകുമാർ മെമ്മറി കാർഡ് ചോദിച്ചു. അഭിലാഷ് ഒഴിഞ്ഞുമാറിയപ്പോൾ വാക്കുതർക്കം മൂത്ത് ഇരുവരും തമ്മിൽ പിടിവലിയായി. സമീപത്തുണ്ടായിരുന്നവർ തടഞ്ഞെങ്കിലും അരയിൽ കരുതിയ കത്തിയെടുത്ത് ശ്രീകുമാർ അഭിലാഷിനെ കുത്തുകയായിരുന്നു. നെഞ്ച് തുളഞ്ഞ് ഹൃദയത്തിൽ മുറിവേറ്റ അഭിലാഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പറപ്പൂക്കര വീട്ടിൽ മണിക്കുട്ടൻ കോലോത്ത് വീട്ടിൽ രാജേഷ് വലിയപറമ്പിൽ രതീഷ്, കോലോത്ത് വീട്ടിൽ രഞ്ജിത്, കളരിക്കൽ വീട്ടിൽ വിപിൻ, കളരിക്കൽ വീട്ടിൽ വികാസ് , മാധവ് വില്ലയിൽ മനോജ് കുമാർ നായർ എന്നിവരായിരുന്നു കൊലപാതകം നേരിട്ട് കണ്ട ദൃക്‌സാക്ഷികൾ. വെസ്റ്റ് സി.ഐയായിരുന്ന ടി.ആർ. രാജേഷാണ് കേസന്വേഷിച്ചത്. 16 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടർ പി. സുനിൽ, അഭിഭാഷകരായ കെ.എ. അമീർ, കെ.എം. ദിൽ എന്നിവർ ഹാജരായി.

ദൃക്‌സാക്ഷി മൊഴി നിർണ്ണായകമായി

ശേഖരിച്ച തെളിവുകൾ രാസപരിശോധനയ്ക്കയച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ലഭിച്ചത്. സംഭവ സ്ഥലത്ത് നിന്നും സയന്റിഫിക് അസിസ്റ്റന്റ് ടി.എ. ലാലി ശേഖരിച്ച രക്തക്കറയടക്കമുള്ള മുതലുകളും, പ്രതിയുടെയും മരണപ്പെട്ട അഭിലാഷിന്റെയും വസ്ത്രങ്ങളും രാസപരിശോധനക്കയച്ചു. സർക്കാർ ലാബുകളിലെ അടിസ്ഥാന സൗകര്യമില്ലായ്മ മൂലം രാസപരിശോധന നടത്തുന്നതിന് അകാരണമായ കാലതാമസമുണ്ടായി. കാലതാമസം മൂലം അഭിലാഷിന്റെ രക്തഗ്രൂപ്പ് നിർണ്ണയിച്ചതിൽ മാറ്റം സംഭവിച്ചത് കേസിനെ സങ്കീർണ്ണമാക്കി.

എന്നാൽ രാസപരിശോധനയിൽ വരുന്ന വലിയ കാലതാമസം രക്തഗ്രൂപ്പ് നിർണ്ണയത്തിൽ മാറ്റം വരുത്താവുന്നതാണെന്ന് പോസ്റ്റ് മോർട്ടം നടത്തിയ ഡെപ്യൂട്ടി പൊലീസ് സർജനായ ഡോ. ഉന്മേഷും, ശാസ്ത്രീയ പരിശോധന നടത്തിയ കെമിക്കൽ എക്‌സാമിനർ ഡോ. രാജലക്ഷ്മിയും ആധികാരികമായി മൊഴി നൽകി. ദൃക്‌സാക്ഷികളായ മണിക്കുട്ടൻ, മനോജ് കുമാർ നായർ എന്നിവരുടെ മൊഴി കേസിൽ നിർണ്ണായകമായി.