തിരുവനന്തപുരം: ഭരണ നവീകരണത്തിന്റെ പേര് പറഞ്ഞ് വർഷങ്ങളായി ഉദ്യോഗസ്ഥ- ഭരണ പരിഷ്കാരവകുപ്പിൽ നടന്നുവന്ന ഇൻസ്‌പെക്‌ഷൻ ടൂർ പാഴ്ചെലവെന്ന് കണ്ട് സംസ്ഥാന സർക്കാർ നിറുത്തലാക്കിയതോടെ, പുതിയ നീക്കവുമായി വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ രംഗത്ത്. വിവര- പൊതുസമ്പർക്ക വകുപ്പ് (ഐ ആൻഡ് പി.ആർ.ഡി) ജില്ലാതലങ്ങളിൽ നടത്തിവരുന്ന പരിപാടികൾ അതതിടങ്ങളിൽ പോയി ആഡിറ്റ് ചെയ്യണമെന്ന് നിർദ്ദേശിക്കുന്ന പുതിയ ഫയൽ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയിരിക്കുകയാണ്. ഉദ്യോഗസ്ഥ- ഭരണപരിഷ്കാര വകുപ്പിലെ ആഡിറ്റ് ആൻഡ് റിഫോംസ് സെല്ലിൽ നിന്നാണ് ഫയൽ അയച്ചിരിക്കുന്നത്. വിവര- പൊതുസമ്പർക്ക വകുപ്പിൽ ഇന്റേണൽ പെർഫോമൻസ് ഓഡിറ്റ് ആൻഡ് മോണിട്ടറിംഗ് സെൽ ഇപ്പോൾ തന്നെ ഉണ്ടെന്നിരിക്കെ, ഉദ്യോഗസ്ഥ- ഭരണപരിഷ്കാരവകുപ്പിന്റെ (പി ആൻഡ് എ.ആർ.ഡി) പുതിയ നീക്കവും പാഴ്ചെലവാണെന്ന് സെക്രട്ടേറിയറ്റിലുള്ളവർ പറയുന്നു. വർക്ക് സ്റ്റഡി എന്ന പേരിലുള്ള പി ആൻഡ് എ.ആർ.ഡിയുടെ ഇൻസ്പെക്‌ഷൻ ടൂർ നിറുത്തലാക്കിയത്, ബിശ്വനാഥ് സിൻഹ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി എത്തിയ ശേഷമാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം വകുപ്പുകളുടെ പ്രകടനം വിലയിരുത്തിയാണ് പാഴ്ചെലവെന്ന് കണ്ട് ഈ പരിപാടി അവസാനിപ്പിച്ചത്. എല്ലാ വകുപ്പുകളിലും ആഭ്യന്തര വിജിലൻസ് സംവിധാനവും ആഭ്യന്തര ആഡിറ്റിംഗ് സംവിധാനവുമുള്ളപ്പോൾ ഇതിന്റെ ആവശ്യമില്ലെന്നായിരുന്നു അന്ന് കണ്ടെത്തിയത്.

പ്രത്യേക ആഡിറ്റിംഗ് ആവശ്യമില്ലെന്ന്

പി.ആർ.ഡിയിലാകട്ടെ ജില്ലാതല പരിപാടികൾക്ക് പ്രത്യേക ആഡിറ്റിംഗിന്റെ ആവശ്യമില്ലെന്നാണ് വിദഗ്ദർ പറയുന്നത്. നിലവിൽ ഡെപ്യൂട്ടി സെക്രട്ടറി, അണ്ടർ സെക്രട്ടറി റാങ്കിലുള്ള അക്കൗണ്ട്സ് ഓഫീസർ എന്നിവർ ചേർന്നുള്ള ആഡിറ്റിംഗ് വിംഗ് ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല, ജില്ലകളിൽ പരിപാടികൾ നടന്നാലും അതിന്റെ ധനാനുമതി അടക്കമുള്ള കാര്യങ്ങളിൽ അന്തിമതീരുമാനമെടുക്കുന്നത് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനകത്തുള്ള ഡയറക്ടറേറ്റിലാണ്.