fani

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഫോനി ചുഴലിക്കാറ്റ് വടക്കുകിഴക്കൻ ദിശയിലേക്ക് നീങ്ങിയതോടെ കേരളത്തിലെ യെല്ലോ അലർട്ടുകൾ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഇന്നലെ പിൻവലിച്ചു. എന്നാൽ ഫോനിയുടെ ഫലമായി ഇടിയോടുകൂടിയ കാറ്റും മഴയുമുണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഭേദപ്പെട്ട മഴയും തൃശൂർ, മലപ്പുറം, വയനാട് മേഖലകളിൽ ചെറിയതോതിലും ഇന്ന് മഴയുണ്ടാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ രണ്ടു വരെ മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. കേരളതീരത്ത് 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനിടയുണ്ട്. കടൽ പ്രക്ഷുബ്‌ദ്ധമായിരിക്കും.

'ഫോനി" ഇപ്പോൾ ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽ നിന്ന് 680 കിലോമീറ്ററും ആന്ധ്രയിലെ വിശാഖപട്ടണത്തിൽ നിന്ന് 670 കിലോമീറ്ററും ഒഡിഷയിലെ പുരിയിൽ നിന്ന് 830 കിലോമീറ്ററും അകലെയാണ്. തുടർന്ന് മൂന്നിന് ഒഡിഷ തീരത്ത് 200 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിക്കുമെന്നുമാണ് മുന്നറിയിപ്പ്. ഇന്ത്യൻ മഹാസമുദ്രത്തിൽ കാര്യമായ ചലനമുണ്ടാക്കില്ലെങ്കിലും വടക്കൻ തമിഴ്നാട്, ആന്ധ്ര, ഒഡിഷ തീരങ്ങളിലും കടലിലും ശക്തമായ കാറ്റും തിരയിളക്കവുമുണ്ടാകും. ഇൗ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.