തിരുവനന്തപുരം: കഴിഞ്ഞയാഴ്ച ഹോങ്കോംഗിൽ സമാപിച്ച ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി നാലു സ്വർണം നേടിയ കേരളാ പൊലീസ് താരം ആർ.ശരത്കുമാറിനെ ഡി.ജി.പി ലോകനാഥ് ബെഹ്‌റ അഭിനന്ദിച്ചു. ബാക്ക് സ്‌ക്വാട്ട്, ബെഞ്ച് പ്റസ്സ്, ഡെഡ് ലിഫ്റ്റിംഗ്,ടോട്ടൽ വെയിറ്റ് എന്നിവയിലാണ് ശരത്കുമാർ സ്വർണം നേടിയത്.
കോഴിക്കോട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നടന്ന നാഷണൽ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ശരത് എട്ടു സ്വർണ മെഡൽ നേടുകയും എട്ട് ദേശീയ റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇക്കൊല്ലം പുതുച്ചേരിയിൽ നടന്ന സൗത്ത് ഇന്ത്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി. 2018ലെ കേരളാ പൊലീസ് പവർലിഫ്റ്റിംഗ്, വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ടു സ്വർണം നേടുകയും സ്‌ട്രോംഗ് മാനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ആലപ്പുഴ സ്വദേശിയായ ശരത്കുമാർ ഇപ്പോൾ എറണാകുളത്ത് പൊലീസ് ഭീകര വിരുദ്ധസേനയിൽ സബ് ഇൻസ്‌പെക്ടറാണ്.