pipe

പാറശാല: പാറശാല മേഖലയിൽ ജനങ്ങളെ വലച്ച് പൈപ്പ് പൊട്ടൽ തുടരുന്നു. ഇന്നലെ പരശുവയ്‌ക്കൽ എച്ച്.ഐ സെന്ററിനു സമീപം പൈപ്പ് പൊട്ടിയതിന് പിന്നാലെ പരശുവയ്‌ക്കൽ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് നാല് തവണയാണ് പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം നഷ്ടമായത്. ഇടിച്ചക്കപ്ലാമൂട്ടിന് സമീപം ഇന്നലെ വീണ്ടും പൈപ്പ് ലൈൻ പൊട്ടി. മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായിട്ടാണ് വണ്ടിച്ചിറ കുടിവെള്ള പദ്ധതിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളോടൊപ്പം 11 കോടി രൂപ ചെലവിൽ പുതിയ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചത്. എന്നാൽ പദ്ധതിയുടെ ഉദ്‌ഘാടനത്തിന് ശേഷം പൈപ്പ് പൊട്ടൽ പതിവാണ്. പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പാറശാലയിലെ വാട്ടർ ടാങ്കിൽ വെള്ളം എത്തിക്കുന്നതിന് പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വീടുകളിലേക്കുള്ള കണക്ഷനുകളും പ്രദേശത്തെ മറ്റ് സ്ഥലങ്ങളിലേക്കുള്ള സബ് ലൈനുകളും നിലവിലുള്ള പഴയ പൈപ്പ് ലൈനിൽ തന്നെയാണ് തുടരുന്നത്. പഴക്കമുള്ള പൈപ്പിലൂടെ കൂടിയ മർദ്ദത്തിൽ വെള്ളം കടത്തിവിടുന്നതാണ് പൈപ്പ് പൊട്ടുന്നതിന് കാരണം. പുതിയ പൈപ്പ് സ്ഥാപിച്ചാൽ മാത്രമേ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുകയുള്ളു. ഇതിലേക്കായി 50 ലക്ഷം രൂപയുടെ പദ്ധതി സർക്കാരിന്റെ പരിഗണയിലാണ്.