ആലപ്പുഴ: റജിയുടെ തുന്നൽക്കടയ്ക്കു മുന്നിൽ പൊലീസ് വണ്ടി ഒഴിഞ്ഞ നേരമില്ല! അതെന്താ? അത്രയ്ക്ക്...
യേയ്, തോക്കിനകത്തു കയറി വെടിവയ്ക്കാതെ. കഥ കേൾക്കൂ. പൊലീസുകാരനാവണം എന്നതായിരുന്നു റജിയുടെ ആഗ്രഹം. പക്ഷേ, പി.എസ്.സി പരീക്ഷയെന്ന കത്രികപ്പൂട്ട് മറികടക്കാൻ കഴിഞ്ഞില്ല. എന്നിട്ടും, റജി നിരാശനായില്ല. 'കത്രിക' തന്നെ കൈയിലെടുത്തു; തുന്നൽക്കാരനായി. വെറും തുന്നൽക്കാരനല്ല, കാക്കി യൂണിഫോം മാത്രം തയ്ക്കുന്ന ടെയ്ലർ. പൊള്ളേത്തൈ മറുതാച്ചിവെളിയിൽ റജിയാണ് (50) യൂണിഫോം തുന്നി പൊലീസുകാരുടെ പ്രിയങ്കരനായത്. ഇപ്പോൾ 27 വർഷമാകുന്നു റജി തുന്നൽപ്പണി തുടങ്ങിയിട്ട്.
പൊലീസിൽ കയറിപ്പറ്റാൻ പരമാവധി ശ്രമിച്ചിരുന്നു റജി. നടന്നില്ല. എന്നിട്ടും, കാക്കിയോടുള്ള പ്രണയം മാറിയില്ല. അച്ഛൻ ചെല്ലപ്പൻ നാടറിയുന്നൊരു തയ്യൽക്കാരനായിരുന്നു. പൊലീസുകാരുടെ കുപ്പായം തുന്നുന്നതും ഇത്തരം സ്വകാര്യ തയ്യൽക്കടകളിലാണെന്ന് മനസിലാക്കിയ റജി അച്ഛനെ ഗുരുവായി സ്വീകരിച്ച് കാക്കി സ്വപ്നങ്ങൾക്ക് നൂലുപാകി.
പൊലീസ് യൂണിഫോം തുന്നുന്നത് എങ്ങനെയെന്ന് പറവൂർ ശിവദാസൻ ആശാന്റെ അടുത്തുപോയി പഠിച്ചു. അതിനുശേഷമാണ് കാട്ടൂരിൽ 'റജി സ്റ്റിച്ചിംഗ് സെന്റർ' തുടങ്ങിയത്. തുടക്കത്തിൽ ഓരോ പൊലീസ് സ്റ്റേഷനിലും കയറിയിറങ്ങേണ്ടിവന്നു, പണി കിട്ടാൻ. തന്റെ വൈദഗ്ദ്ധ്യം പൊലീസുകാരെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു ആദ്യപടി. ആദ്യമൊക്കെ പൊലീസുകാർ മടിച്ചു. ചിലർ ഒരു പരീക്ഷണത്തിന് തയ്യാറായി. പക്ഷേ, തുണി കൊടുത്ത ആരെയും റജി നിരാശനാക്കിയില്ല. ഇതോടെ റജിയെ തേടി പൊലീസുകാരുടെ ഒഴുക്കായി. സാദാ പൊലീസുകാർ മുതൽ കമ്മിഷണർമാർ വരെ ഇപ്പോൾ റജിയുടെ തയ്യൽക്കടയിലെത്തും. എല്ലാവർക്കും ഇപ്പോൾ യൂണിഫോം തയ്ക്കാൻ റജി മതി. രാപ്പകൽ വിശ്രമമില്ലാതെയാണ് റജി പണി തീർക്കുന്നത്. മുഴുവൻ സമയവും റജി കടയിൽ കാണും. ഭാര്യ വിദ്യ കൈത്താങ്ങായി കൂടെയുണ്ട്.
സിനിമാപൊലീസിനും റജി
800 രൂപയാണ് ഒരു യൂണിഫോം തുന്നുന്നതിന് ചാർജ്. ആറ് ജീവനക്കാരുൾപ്പെടെ പണിയെടുത്താൽ ദിവസം 15 യൂണിഫോം വരെ തയ്ക്കാനാവും. ഉയർന്ന ഉദ്യോഗസ്ഥരും മറ്റും പലപ്പോഴും ഇഷ്ടത്തോടെ കൂടുതൽ തുക നൽകും. പൊലീസ് യൂണിഫോമിനു പിന്നാലെ എക്സൈസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, കുട്ടിപ്പൊലീസ് എന്നിവരുടെ യൂണിഫോമും തുന്നുന്നുണ്ട്. സിനിമാ മേഖലയിലുൾപ്പെടെ പൊലീസ് കഥാപാത്രങ്ങൾക്കു വേണ്ടിയും റജി യൂണിഫോം തയ്ച്ചു നൽകും. രാവിലെ 9 മുതൽ രാത്രി 8 വരെയാണ് പ്രവർത്തന സമയം. ജോലിക്കാരായ ഹനീഫ, ചന്ദ്രശേഖരൻ, രാജു, ഷീബ, സജിമോൾ, ഷീജ എന്നിവരുടെ ജോലി സമയം രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയാണ്. ഇവർക്ക് 600 രൂപയാണ് ദിവസക്കൂലി.