മാന്നാർ: മികച്ച അംഗൻവാടി അദ്ധ്യാപികയ്ക്കുള്ള 2017-18 വർഷത്തെ സംസ്ഥാന സർക്കാരിന്റെ പുരസ്‌കാര ജേതാവായിരുന്ന പാവുക്കര കവിതാഭവനിൽ ചന്ദ്രിക നാലു പതിറ്റാണ്ടത്തെ സേവനത്തിനു ശേഷം അംഗൻവാടിയുടെ പടിയിറങ്ങി.
മാന്നാർ കുരട്ടിശേരി 156-ാം നമ്പർ അംഗൻവാടിയിലെ കുരുന്നുകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചു നടത്തിയ ചന്ദ്രിക ടീച്ചർ കുട്ടികൾക്കൊപ്പം നാട്ടുകാർക്കും പ്രിയപ്പെട്ട അദ്ധ്യാപികയായിരുന്നു. കഴിഞ്ഞ ദിവസം വിരമിച്ച ചന്ദ്രികയ്ക്ക് ഹൃദ്യമായ യാത്രയയപ്പാണ് നാട് നൽകിയത്. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷംഷാദ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ജ്യോതി വേലൂർമഠം, കലാധരൻ കൈലാസം, പ്രകാശ് മൂലയിൽ, കെ. ബാലസുന്ദരപ്പണിക്കർ, ചോരാത്തവീട് പദ്ധതി ചെയർമാൻ കെ.എ. കരിം, ബഷീർ പാലക്കീഴിൽ, അഭിലാഷ് മാന്നാർ തുടങ്ങിയവർ സംസാരിച്ചു