അശാസ്ത്രീയമായ ഓടനിർമ്മാണം വിനയായി
പൂച്ചാക്കൽ:മലിനജലം ഒഴുകിപ്പോകാൻ ഉണ്ടാക്കിയ ഓട നോക്കുകുത്തിയായതോടെ പൂച്ചാക്കൽ മാർക്കറ്റ് ദുർഗന്ധത്താൽ വിങ്ങുന്നു. മൂക്ക് പൊത്താതെ ആർക്കും മാർക്കറ്റിനകത്തേക്ക് പ്രവേശിക്കാനാകില്ല. കശാപ്പു ശാലയിലെ മാലിന്യങ്ങളടക്കം ഒഴുക്കു നിലച്ച ഓടയിൽ കെട്ടിക്കിടക്കുകയാണ്.
ദിവസേന നിരവധി പേർ വന്നു പോകുന്നതാണ് പൂച്ചാക്കൽ മത്സ്യ-പച്ചക്കറി മാർക്കറ്റ്. തുറവൂർ,എഴുപുന്ന,അരൂക്കുറ്റി,പാണാവള്ളി,പള്ളിപ്പുറം എന്നിവിടങ്ങളിൽ നിന്നും ആളുകൾ മത്സ്യം വാങ്ങുന്നതിനും വിൽക്കുന്നതിനും ഇവിടേക്കാണ് എത്തുന്നത്. തൈക്കാട്ടുശേരി പഞ്ചായത്തിന്റെ കീഴിലാണ് മാർക്കറ്റ്. മാർക്കറ്റിന്റെ നവീകരണം ആരംഭിച്ചിട്ട് നാളുകളായെങ്കിലും പൂർത്തീകരിച്ചിട്ടില്ല. ലോക ബാങ്കിൽ നിന്ന് കിട്ടിയ തിരിച്ചടക്കേണ്ടാത്ത ഒരു കോടി രൂപ വിനിയോഗിച്ചാണ് മാർക്കറ്റിന്റെ നവീകരണം നടത്തുന്നത്. നവീകരണത്തിന്റെ ഭാഗമായി ഓട നിർമ്മാണം പൂർത്തീകരിച്ചെങ്കിലും നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം ഇതിലൂടെ വെള്ളം ഒഴുകിപ്പോകുന്നില്ല.
മലിനജലം ഓടയിൽ കെട്ടി നിൽക്കുന്നത് ആരോഗ്യഭീഷണിയുയർത്തുന്നുണ്ട്. മഴക്കാലമായാൽ ഓടയിൽ മഴവെള്ളം നിറഞ്ഞ് മലിനജലം മാർക്കറ്റിനുള്ളിലേക്ക് ഒഴുകാൻ സാദ്ധ്യത ഏറെയാണ്.
ഉയരത്തിലോട്ട് എങ്ങനെ
വെള്ളമൊഴുകും
വേമ്പനാട്ടു കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന പൂച്ചാക്കൽ തോട്ടിലേക്ക് മലിനജലം ഒഴുകിപ്പോകുന്ന തരത്തിലാണ് മർക്കറ്റിൽ ഓട നിർമ്മിച്ചത്. എന്നാൽ ഒഴുകിപ്പോകേണ്ട ഭാഗം ഉയർന്നു നിൽക്കുന്നതാണ് ഓടനിർമ്മാണത്തിലെ ന്യൂനത. ഇതോടെ മാലിന്യം തോട്ടിലേക്ക് ഒഴുകാതെയായി. ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ഈ ഓടയിൽ വല്ലപ്പോഴും ആരോഗ്യവകുപ്പ് അധികൃതരെത്തി ക്ളോറിൻ വിതറിപ്പോകുന്നത് മാത്രമാണ് ആകെയുള്ള പ്രതിരോധ പ്രവർത്തനം. മാർക്കറ്റിന്റെ നവീകരണം പൂർത്തിയാക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. ഓടയിലെ മലിനജലം ഒഴുകിപ്പോകാനുള്ള മാർഗമൊരുക്കി മാർക്കറ്റിനെ ദുർഗന്ധത്തിൽ നിന്ന് രക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
'' മാർക്കറ്റ് നവീകരണത്തിന്റെ ഭാഗമായുള്ള ഓടയുടെ നിർമ്മാണം ശരിയായവിധത്തിലല്ല എന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ട് .ഇതിന്റെ അപാകത ഉടൻ പരിഹരിക്കും.
ശാന്തമ്മാ പ്രകാശ്, പ്രസിഡന്റ്,തൈക്കാട്ടുശ്ശേരി ഗ്രാമ പഞ്ചായത്ത്