മാന്നാർ :കനാൽ വെള്ളത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാനെത്തിയ പഞ്ചായത്തംഗത്തെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽപ്പോയ ആൾ പിടിയിൽ. വെളിയനാട് കുമരങ്കരി പുത്തൂർപള്ളി വീട്ടിൽ ഷിന്റോ ബാബുവിനെ (35) ആണ് സി.ഐ ജോസ് മാത്യൂവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൊവ്വാഴ്ച രാത്രിയിൽ പാലക്കാട് ഒഴിഞ്ഞാംപാറയിൽ നിന്ന് പിടികൂടിയത്.
മാർച്ച് പതിനേഴിന് ചെന്നിത്തല ഇരമത്തൂർ ഭാഗത്ത് പി.ഐ.പി കനാലിൽ നിന്നുളള ജലം ഒരു ഭാഗത്തേക്ക് പോകാതെ അടച്ചതിനെ ചൊല്ലിയുളള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തർക്കം പരിഹരിക്കാനെത്തിയ സി.പി.എം തൃപ്പെരുന്തുറ ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്തംഗവുമായ സജീവ് ഭവനത്തിൽ ഡി.ഗോപാലകൃഷ്ണനെ ഷിന്റോയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം വടിവാളിന് കാലിന് വെട്ടിപരിക്കേൽപ്പിച്ചു. മാരകമായി വെട്ടേറ്റ ഗോപാല കൃഷ്ണൻ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരു പ്രതിയായ പരുവത്തറ രമണനെ നേരത്തെ പൊലീസ് പികൂടിയിരുന്നു. പ്രതികളെ പിടികൂടുന്നതിന് ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നിർദ്ദേശത്തെ തുടർന്ന് ചെങ്ങന്നൂർ ഡി.വൈ.എസ്പിയുടെ നേതൃത്വത്തിൽ മാന്നാർ സി.ഐ ഉൾപ്പെടുന്ന അഞ്ചംഗ അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. പതിനഞ്ച് ദിവസങ്ങൾക്കുള്ളിലാണ് പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഷിന്റോ ബാബു കുടുങ്ങിയത്. എ.എസ്.ഐ ജോൺ തോമസ്, സി.പി.ഒ മാരായ രജീഷ്, റിയാസ്, വിഷ്ണു എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.