മത്സ്യക്കർഷകന് ലക്ഷങ്ങളുടെ നഷ്ടം
ഹരിപ്പാട് : വരുമാന മാർഗത്തിനായി വളർത്തിയ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതിനെ തുടർന്ന് യുവകർഷകൻ കടക്കെണിയിൽ. സ്വർണം പണയം വച്ചും കടം വാങ്ങിയും സ്വരൂപിച്ച മൂന്ന് ലക്ഷം രൂപയോളമാണ് മത്സ്യ കർഷകനായ കാർത്തികപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡിൽ പള്ളേമ്പ് കാവൽ ബിന്നി ഭവനത്തിൽ ബിന്നിക്ക് നഷ്ടമായത്.
50സെന്റ് സ്ഥലത്ത് പ്രത്യേകം തയ്യാറാക്കിയ തോട്ടിൽ വളർത്തുന്ന മത്സ്യങ്ങൾ കഴിഞ്ഞ മൂന്ന് ദിവസമായാണ് ചത്തുപൊങ്ങിയത്. അഞ്ച് മാസങ്ങൾക്ക് മുമ്പാണ് വീടിന് സമീപം കാടും പായലും നിറഞ്ഞ് കിടന്ന തോട് ലക്ഷങ്ങൾ മുടക്കി വൃത്തിയാക്കി ബെന്നി മത്സ്യക്കൃഷി ആരംഭിച്ചത്. തിലോപ്പിയ ഇനത്തിൽപ്പെട്ട ഗിഫ്റ്റ് എന്ന മത്സ്യമാണ് കൃഷി ചെയ്തത്. പതിനായിരം മത്സ്യക്കുഞ്ഞുങ്ങളെ ചേർത്തലയിലെ ഏജൻസി മുഖേന കൊൽക്കത്തയിൽ നിന്നുമാണ് എത്തിച്ചത്. പ്രോട്ടീൻ അടങ്ങിയ ഷെല്ലറ്റ് പോലെയുള്ള തീറ്റ മാത്രമാണ് നൽകിയിരുന്നത്. ഒരു ചാക്ക് തീറ്റയ്ക്ക് 1600 രൂപയാണ് വില. ഒരു ചാക്ക് തീറ്റ മൂന്ന് ദിവസത്തേക്ക് മാത്രമേ തികയുകയുള്ളൂ.
ഒരു മാസം കൂടി കഴിഞ്ഞ് വിളവെടുക്കാനിരിക്കെയാണ് മീനുകൾ ചത്തുപൊങ്ങിയത്. പ്രാരംഭ സംരംഭമായതിനാൽ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തെങ്കിലും ഇൻഷ്വറൻസ് എടുത്തിരുന്നില്ല. ഇതോടെ നഷ്ടപരിഹാരത്തിന്റെ വഴിയുമടഞ്ഞു.
കാർബൻ ഡൈ ഓക്സൈഡും
ഉപ്പു രസവും
മീൻ വളർത്തിയിരുന്ന തോട്ടിലെ വെള്ളത്തിന് പച്ച നിറം കണ്ടുതുടങ്ങിയതോടെ സ്വകാര്യ ലാബിൽ വെള്ളം എത്തിച്ച് പരിശോധിച്ചു. കാർബൾ ഡൈ ഓക്സൈഡിന്റെ അംശം കൂടുതലാണെന്ന് പരിശോധനയിൽ കണ്ടതിനാൽ ഇത് മാറ്റാനുള്ള മാർഗം ചെയ്തു. എന്നാൽ, ഇതിന് മുമ്പ് തന്നെ കുറച്ച് മീനുകൾ ചത്തു പൊങ്ങിയിരുന്നു. ഉറവയിലൂടെ ഉപ്പുവെള്ളം തോട്ടിൽ കലർന്നതാകാം മത്സ്യങ്ങൾ ചത്തുപോകാൻ കാരണമെന്ന് ബെന്നി പറഞ്ഞു. പഞ്ചായത്ത് ഫിഷറീസ് പ്രേമോട്ടർ സെലീന സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളത്തിന്റെ പി.എച്ച് മൂല്യവും ഉപ്പിന്റെ അംശവും പരിശോധിച്ചു. ഉപ്പിന്റെ അംശം കൂടുതലാണെന്ന് കണ്ടെത്തി. കൂടുതൽ പരിശോധനക്കായി അടുത്ത ആഴ്ച ജില്ലാ ഫിഷറീസ് ഓഫീസിൽ നിന്ന് ആളെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.